ഇങ്ങനെയുണ്ടോ തൊഴിൽ പീഢനം; ഇന്നാ പിടിച്ചോ രാജി
Saturday, April 12, 2025 4:49 PM IST
എല്ലാ ജോലി സ്ഥലങ്ങളും സൗഹൃദപരമായിരിക്കില്ല. മിക്ക ജോലി സ്ഥലങ്ങളിലും കഠിനമായ തൊഴിൽ പീഢനങ്ങളും അടിച്ചേൽപ്പിക്കലുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരം ആശങ്കകൾ പങ്കുവെയ്ക്കുന്ന ഇടമാണ് റെഡിറ്റ്.
ജോലിക്ക് ചേർന്ന് ഒന്നരമാസം കൊണ്ട് രാജിവെയ്ക്കേണ്ടി വന്ന ഒരു യുവാവ് തന്റെ ദുരനുഭവം റെഡിറ്റിൽ പങ്കുവെച്ചിരിക്കുകയാണ്. പ്രോഗ്രാം മാനേജരായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. മാനേജർ തന്നെ എപ്പോഴും അപമാനിച്ചാണ് സംസാരിച്ചിരുന്നത്. ജോലിയിൽ നിന്നും പിരിച്ചുവിടുമെന്നുള്ള ഭീഷണികളായിരുന്നു എപ്പോഴും.
ഏറെ ബുദ്ധിമുട്ടേറിയ പ്രോജക്ടുകൾ ഏൽപ്പിക്കും. ഇതു ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്ന മറ്റുള്ള ജീവനക്കാരെയും പിരിച്ചുവിടാൻ ശ്രമിക്കും. അവസാനം സഹികെട്ടാണ് ജോലി രാജി വെച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ദിവസം മാനേജർ പറഞ്ഞു ഇന്ന് നാല് മണിക്ക് മുമ്പ് ജോലി ചെയ്തു തീർത്തില്ലെങ്കിൽ പിരിച്ചുവിടും. ഇത്രയും ആയതോടെ അദ്ദേഹം ജോലി രാജി വെയ്ക്കുക എന്ന തീരുമാനത്തിലെത്തി. പക്ഷേ, രാജിക്കാര്യം കേട്ടതോടെ മാനേജർ ഞെട്ടി.
താൻ പിരിച്ചു വിടാനൊന്നും ഉദ്ദേശിച്ചിരുന്നില്ല. ഇതാണ് തന്റെ രീതി. തന്റെ ഈ രീതി ഓഫീസിലെ മറ്റു ജീവനക്കാരുടെ അടുത്ത് ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന ജീവനക്കാരൻ ജോലി രാജി വെച്ചു.