കാണാൻ നല്ല ഭംഗിയുണ്ടല്ലോ, എന്നാൽ വാതിൽക്കൽ ഇരിക്കട്ടെ; മരണം വരെ അറിഞ്ഞില്ല നിധിയാണെന്ന്
Thursday, April 3, 2025 9:56 AM IST
എപ്പഴോ ലഭിച്ച ഒരു കല്ല്. കാണാൻ നല്ല ഭംഗിയുണ്ട് എങ്കിൽപ്പിന്നെ വീടിന്റെ വാതിൽക്കൽ തന്നെ ഇരിക്കട്ടെയെന്നു ആ സ്ത്രീ കരുതി. സ്വാഭാവികമായി ലഭിക്കുന്ന ഇത്തരം കല്ലിന് 3.5 കിലോഗ്രാം (7.7 പൗണ്ട്) ഭാരമുണ്ട്, ഇത് തെക്കുകിഴക്കൻ റൊമാനിയയിലെ അരുവിയുടെ അടിത്തട്ടിൽ നിന്നോ മറ്റോ ആ സ്ത്രീ കണ്ടെടുത്തതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രകൃതിദത്തമായി ലഭിക്കുന്നതും മഞ്ഞ-ഓറഞ്ച് നിറമുള്ളതുമായ ആംബർ എന്ന ഉത്പന്നമാണ് ഈ സ്ത്രീ സൂക്ഷിച്ചിരുന്നത്. ഇത് ഫോസിലൈസ് ചെയ്ത മരത്തിന്റെ കറയാണ്. അതിന്റെ ഭംഗിയും വൈവിധ്യവുമാണ് ഇതിനെ പ്രശസ്തമാക്കുന്നത്. ഇത് സാധാരണയായി റൊമാനിയൻ ഗ്രാമമായ കോൾട്ടിക്ക് ചുറ്റമാണ് കാണപ്പെടുന്നത്. 1920 മുതൽ ഇവിടെ ആംബർ ഖനനം നടക്കുന്നുണ്ട്. സ്ത്രീ കണ്ടെത്തിയ ആംബർ തരം റുമാനൈറ്റ് എന്നറിയപ്പെടുന്നതാണ്. ഇതിന് ചുവന്ന നിറമാണ്.
ഒരു പ്രകൃതിവിഭവമെന്ന നിലയിലുള്ള അതിന്റെ മൂല്യത്തിന് പുറമേ, ആ കല്ലിനെ സവിശേഷമാക്കുന്നത്, കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആമ്പർ കഷണങ്ങളിൽ ഒന്നാണിതെന്നതാണ്. അതിന്റെ വില ഏകദേശം1.1 മില്യൺ ഡോള (93,986,740 രൂപ) റോളം വരും.
ആ കല്ലിന്റെ ഉടമയായ സ്ത്രീ 1991-ൽ മരിച്ചു. പിന്നീട് ആ വീടു നോക്കാനെത്തിയ ബന്ധുവാണ് ആ കല്ലിന്റെ മൂല്യം തിരിച്ചറിഞ്ഞതും അത് റൊമനിയൻ സർക്കാരിനെ ഏൽപ്പിച്ചതും.
അപൂർവമായ കല്ല് ക്രാക്കോവിലെ (പോളണ്ട്) ചരിത്ര മ്യൂസിയത്തിന് നൽകി. വിലയേറിയ കല്ലുകളെക്കുറിച്ചുള്ള പഠനത്തിനായി അവിടെ ഒരു പ്രത്യേക വിഭാഗം ഉള്ളതിനാലായിരുന്നു അത് കൈമാറിയത്. കല്ലിനെക്കുറിച്ച് പഠിച്ച ശേഷം, പോളിഷ് മ്യൂസിയത്തിലെ വിദഗ്ധർ ആംബർ കല്ലിന്റെ ആധികാരികത സ്ഥിരീകരിക്കുകയും അത് ഏകദേശം 38.5 മുതൽ 70 ദശലക്ഷം വർഷം പഴക്കമുള്ളതാണെന്ന് വിലയിരുത്തുകയും ചെയ്തു.
"ശാസ്ത്രീയ തലത്തിലും മ്യൂസിയം തലത്തിലും ഈ കല്ല് വലിയ പ്രാധാന്യമുള്ളതാണെന്ന്" ബുസൗ പ്രവിശ്യാ മ്യൂസിയം ഡയറക്ടർ ഡാനിയേൽ കോസ്റ്റാഷെ പറഞ്ഞു. ഈ കല്ല് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ആംബർ കഷണങ്ങളിൽ ഒന്നാണെന്നും ഇത്തരത്തിലുള്ള ആംബറുകളിൽ ഏറ്റവും വലുതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.