ഭാര്യയെ കാമുകനു കെട്ടിച്ചുകൊടുത്തു, മൂന്നാം ദിവസം തിരികെ കൊണ്ടുവന്നു
Wednesday, April 2, 2025 12:27 PM IST
ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നൽകിയ ഭർത്താവ് മൂന്നാം ദിവസം ഭാര്യയെ തിരികെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ രാധികയെയാണ് ഭർത്താവ് ബബ്ലു കാമുകനായ വികാസിന് വിവാഹം കഴിപ്പിച്ച് നൽകിയത്. രാധികയ്ക്ക് വികാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബബ്ലു ഈ സാഹസം കാട്ടിയത്.
ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ താൻ വളർത്തുമെന്ന കരാറും യുവാവ് ഉണ്ടാക്കി. മാർച്ച് 25ന് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് നാട്ടുകാരെ സാക്ഷിയാക്കി രാധികയെ കാമുകൻ വികാസ് മിന്നുകെട്ടി. ഈ സംഭവം വലിയ വാർത്തയായിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ബബ്ലു വികാസിന്റെ വീട്ടിലെത്തി രാധികയെ വിട്ടുതരണമെന്ന് അഭ്യർഥിച്ചു. "അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞശേഷമാണ് അവളുടെ ഭാഗത്ത് തെറ്റില്ലെന്നു മനസിലാക്കിയത്. അവളെ എന്നോടൊപ്പം തിരികെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഏഴും രണ്ടും വയസുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണ്. അവളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും. അവളോടൊപ്പം സമാധാനപരമായി ജീവിക്കും'' - ബബ്ലു പറഞ്ഞു. തുടർന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാൻ അനുവദിച്ചു. അജ്ഞാതമായ ഒരു സ്ഥലത്താണ് രാധിക ബബ്ലുവിനൊപ്പം ഇപ്പോൾ താമസിക്കുന്നതെന്നാണു റിപ്പോർട്ട്.