പാന്പുകളുമായി കടയിലെത്തി മോഷണശ്രമം
Tuesday, April 1, 2025 2:30 PM IST
പെരുമ്പാമ്പുകളുമായി ഷോപ്പിലെത്തി മോഷണം നടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണു സംഭവം നടന്നത്.
ഷോപ്പിലെത്തിയ രണ്ടുപേർ കാഷ്യറുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ ചുരുട്ടി പന്ത് പോലെയാക്കിയ പെരുമ്പാമ്പിനെ മേശപ്പുറത്തു വയ്ക്കുകയായിരുന്നു. ജീവനക്കാരെ ഭീതിപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പാന്പിനെ കണ്ടു ഭയന്ന കാഷ്യർ മാറിനിന്ന് അതിന്റെ ചിത്രം മൊബൈലിൽ പകർത്താന്‍ ശ്രമിച്ചപ്പോൾ ഫോണ്‍ തട്ടിപ്പറിക്കാനും മോഷ്ടാക്കൾ ശ്രമിച്ചു. കാഷ്യര്‍ ഇതു ചെറുത്തപ്പോൾ രണ്ടാമത്തെയാൾ മറ്റൊരു പെരുമ്പാമ്പിനെ കൂടി മേശപ്പുറത്തേക്കിട്ടു.
അതിനിടെ കാഷ്യര്‍ പോലീസിനെ വിവരം അറിയിക്കുന്നതു കണ്ട മോഷ്ടാക്കൾ പാന്പുകളുമായി രക്ഷപ്പെട്ടു. പോകുന്നവഴി 34,266 രൂപ വിലയുള്ള സിബിഡി ഓയില്‍ പായ്ക്കറ്റും ഇവർ കൊണ്ടുപോയി.
സംഭവസമയം നിരവധിപ്പേർ കടയില്‍ ഉണ്ടായിരുന്നു. മോഷണത്തിനായാണു പാമ്പുകളെ കൊണ്ടുവന്നതെന്നും പ്രതികളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.