സിഇഒയെ പേര് വിളിച്ചു; ജീവനക്കാരിക്ക് ഇംപോസിഷൻ ശിക്ഷ
Monday, March 31, 2025 4:39 PM IST
ഒരു വർഷമായി സിഇഒയെ (ചീഫ് എക്സിക്യുട്ടീവ് ഓഫീസർ) ആ ഉദ്യോഗസ്ഥ പേരാണ് വിളിക്കുന്നത്. അന്നും പതിവു പോലെ പേര് വിളിച്ചു.പക്ഷേ, സിഇഒയുടെ പ്രതികരണം പതിവു പോലെയായിരുന്നില്ല.
എന്നെ പേര് വിളിക്കുന്നതെന്താണ്? ഇനി മേലാൽ വിളിച്ചേക്കരുത് എന്നൊരു താക്കീത് നല്കി. കൂടെ ഒരു ശിക്ഷയും. "ഞാൻ നിങ്ങളുടെ പേര് വിളിക്കില്ല" എന്ന് നൂറ് തവണ എഴുതാനായിരുന്നു ശിക്ഷ. എന്തായാലും ഈ ശിക്ഷയ്ക്കെതിരെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
റെഡിറ്റിലാണ് ഇത്തരമൊരു വിചിത്രമായ നടപടിയെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇത് കേട്ടിട്ട് വെറുപ്പ് തോന്നുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. ഒരു വർഷത്തിലേറെയായി ജീവനക്കാരി ബോസിനെ പേര് ഉപയോഗിച്ചാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ, പെട്ടെന്ന്, ശിക്ഷയായി പ്രസ്തുത പ്രസ്താവന കൈകൊണ്ട് എഴുതി അന്ന് വൈകുന്നേരത്തോടെ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.
കമ്പനിയുടെ ഗ്രൂപ്പ് ചാറ്റിൽ കൈയെഴുത്ത് പങ്കിടാൻ പോലും സിഇഒ ജീവനക്കാരിയോട് ആവശ്യപ്പെട്ടു.പോസ്റ്റ് എഴുതിയയാൾ ഇത് തന്റെ സുഹൃത്തിന്റെ ജോലിസ്ഥലത്തെ അനുഭവമാണെന്നാണ് പറഞ്ഞിരിക്കുന്നത്. "സത്യസന്ധമായി എനിക്ക് ഇതിൽ വെറുപ്പ് തോന്നുന്നു... അവർക്ക് (സിഇഒ) സ്വകാര്യമായി മുന്നറിയിപ്പ് നൽകാമായിരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്.