യുവാവ് ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു!
Friday, March 28, 2025 12:17 PM IST
തന്റെ ഭാര്യക്കു കാമുകനുണ്ടെന്ന് അറിഞ്ഞ യുവാവ് ഇരുവരുടെയും വിവാഹം മുന്നിൽനിന്നു നടത്തിക്കൊടുത്തു. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണു സംഭവം. ബബ്ലു എന്ന യുവാവാണു തന്റെ ഭാര്യ രാധികയെ കാമുകനു കെട്ടിച്ചുകൊടുത്തത്.
ബബ്ലു പൂർണമനസാലെ നടത്തിയ വിവാഹത്തിൽ നാട്ടുകാരടക്കം നിരവധിപ്പേർ പങ്കെടുത്തു. 2017 ലാണ് ബബ്ലുവും രാധികയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് ഒന്‍പതും ഏഴും വയസുള്ള രണ്ടു കുട്ടികളുമുണ്ട്. വീട്ടിൽനിന്നു ദൂരെയായിരുന്നു ബബ്ലുവിനു മിക്കപ്പോഴും ജോലി.
ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്ത് രാധിക ഗ്രാമത്തിലെ മറ്റൊരു യുവാവിനെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. അവരുടെ ബന്ധമറിഞ്ഞ ബബ്ലു കാമുകനെ വിവാഹം കഴിച്ചുകൊള്ളാൻ ഭാര്യയോടു പറഞ്ഞു.
കുട്ടികളെ തനിക്കൊപ്പം നിർത്തണമെന്ന ഡിമാൻഡ് മാത്രമാണു ബബ്ലുവിന് ഉണ്ടായിരുന്നത്. ഭാര്യ ഇത് അംഗീകരിച്ചതോടെ നാട്ടുകാരെ വിവരമറിയിച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങളും ബബ്ലു നടത്തി. കോടതിയിൽ പോയി വിവാഹമോചനം നേടിയശേഷം ഭാര്യയുടെയും കാമുകന്റെയും വിവാഹം രജിസ്റ്റർ ചെയ്യാനും ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്താനും അയാൾ മുൻകൈയെടുത്തുവെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.