എന്തോ ഒന്നു മറന്നല്ലോ? ഈശ്വരാ പാസ്പോർട്ട്, പിന്നെ ഒന്നും നോക്കിയില്ല വിമാനവുമായി തിരികെ പറന്നു
Tuesday, March 25, 2025 10:59 AM IST
എവിടേക്കെങ്കിലും അത്യാവശ്യമായി പോകുന്പോൾ പ്രധാനപ്പെട്ട എന്തെങ്കിലും മറക്കാറുണ്ട് പലരും. പക്ഷേ, ഒരു പൈലറ്റ് പാസ്പോർട്ട് എടുക്കാൻ മറന്നാലോ. കഴിഞ്ഞ ദിവസം അമേരിക്കയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്.
അമേരിക്കയിൽ നിന്നും ചൈനയിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസിന്റെ പൈലറ്റുമാരിൽ ഒരാൾ പാസ്പോർട്ട് എടുക്കാൻ മറന്നു. പക്ഷേ, സംഭവം അറിയുന്നത് രണ്ടരമണിക്കൂറോളം വിമാനവുമായി പറന്നു കഴിഞ്ഞിട്ടാണ്. അതൊന്നും വിഷയമല്ലല്ലോ? പാസ്പോർട്ട് എടുക്കണം. വിമാനവുമായി തിരികെ പറന്നു.
ഈ ഒരു കാരണം കൊണ്ട് ആറ് മണിക്കൂറാണ് യാത്ര വൈകിയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് 257 യാത്രക്കാരും 13 ജീവനക്കാരുമായി യുണൈറ്റഡ് എയർലൈൻസിന്റെ 787 വിമാനം ലോസ്ഏഞ്ചൽസിൽ നിന്നും ഷാങ്ഹായിലേക്കു പറന്നത്.
അഞ്ചുമണിയോടെയാണ് പൈലറ്റിന്റെ പക്കൽ പാസ്പോർട്ടില്ലെന്നു കണ്ടത്. അതോടെ സാൻഫ്രാൻസിസ്കോയിൽ വിമാനം ഇറങ്ങി. രാത്രി ഒൻപതുമണിയോടെ പുതിയ ക്രൂവുമായി വിമാനം യാത്രയാരംഭിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമാപണം നടത്തിയിട്ടുണ്ട്.