ഫാഷൻ ലോകത്ത് പുതിയ ട്രെൻഡ് "ഒറ്റക്കാലന് ജീന്‍സ്'
Thursday, March 13, 2025 2:20 PM IST
വസ്ത്രത്തിൽ അനുദിനമെന്നോണമാണു പുതിയ ഫാഷനുകൾ കടന്നുവരുന്നത്. ഓരോ ഫാഷൻ വരുന്പോഴും അടുത്തത് ഏതുരീതിയിലായിരിക്കുമെന്ന ആകാംക്ഷയും ഫാഷന്‍ പ്രേമികൾക്കുണ്ടാകും. ഏറ്റവുമൊടുവിൽ ജീൻസിൽ പുതിയൊരു ഫാഷന്‍ ട്രെന്‍ഡ് ഉണ്ടായിരിക്കുന്നു.
ഒറ്റക്കാലന് ജീന്‍സാണ് (one legged jeans) പുത്തൻ താരം. കണ്ടാൽ വിചിത്രമായും പരിഹാസ്യമായും തോന്നുമെങ്കിലും ഫാഷന്‍ പ്രേമികൾ ഒറ്റക്കാലൻ ജീന്‍സിനെ ഏറ്റെടുത്തു കഴിഞ്ഞതായാണു റിപ്പോർട്ട്.
ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ കോപർണിയാണു വണ്‍ ലെഗ്ഡ് ജീന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു കാൽ മാത്രമേ ഉള്ളൂവെങ്കിലും വിലയിൽ കുറവൊന്നുമില്ല. ഒരു പീസിന് 38,330 രൂപ നൽകണം.
ടിക് ടോക്കില്‍ 16 ദശലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ ഏഴു ദശലക്ഷത്തിലധികവും ഫോളോവേഴ്സുള്ള ക്രിസ്റ്റി സാറ, ഈ വിചിത്ര ജീന്‍സിനെ സമൂഹമാധ്യമങ്ങൾക്കു പരിചയപ്പെടുത്തി. "വിവാദപരമായ ജീൻസ്' എന്ന വിശേഷണത്തോടെയാണ് അവർ ജീന്‍സിനെ വിശേഷിപ്പിച്ചത്. ചൂടപ്പംപോലെ ഈ ജീൻസ് വിറ്റുതീരുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഇതിനെതിരേ ഉയരുന്നത്.
ജീന്‍സിനെ പരിചയപ്പെടുത്തിയ ക്രിസ്റ്റിയുടെ ഭര്‍ത്താവിന്റെ പ്രതികരണം "ഇതാരും ധരിക്കാൻ പോകുന്നില്ല' എന്നായിരുന്നു. ഈ അഭിപ്രായത്തോടു യോജിപ്പ് പ്രകടിപ്പിച്ചവർ ഒറ്റക്കാലൻ ജീൻസിന്റെ പ്രായോഗികതയെ കുറിച്ചു സംശയങ്ങളും പ്രകടിപ്പിച്ചു.
എന്നാൽ, പാതിയായ വസ്ത്രങ്ങൾക്കു പണ്ടുമുതൽക്കേ ഫാഷന്‍ വിപണയില്‍ വന്‍ ഡിമാൻഡാണ് ഉള്ളതെന്നും ഇത് ക്ലിക്കാകുമെന്നുമാണ് ഇത് ഇതവതരിപ്പിച്ചവരുടെ അവകാശവാദം.