ക്രെഡിറ്റ് കാർഡ് എടുക്കാമോ സാർ, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ബാങ്ക് ജീവനക്കാരിയുടെ നിരന്തര മെസേജ്; സഹികെട്ട് യുവാവ്
Thursday, February 20, 2025 9:36 AM IST
ക്രെഡിറ്റ് കാര്‍ഡ് നിരസിച്ചതോടെ ബാങ്ക് ജീവനക്കാരിയുടെ ശല്യം താങ്ങാനാകുന്നില്ലെന്ന യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ജീവനക്കാരിയാണ് ക്രെഡിറ്റ് കാർഡ് എടുക്കിന്നില്ലേയെന്ന ചോദ്യവുമായി നിരന്തരം തന്നെ ശല്യപ്പെടുത്തുന്നതെന്ന് യുവാവ് പറയുന്നു.
ആദ്യം താന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാങ്കിലെ ജീവനക്കാരി നിരന്തരം മെസേജ് അയയ്ക്കാനും വിളിക്കാനും തുടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു.
തന്റെ ജോലി നഷ്ടപ്പെടുമെന്നും ദയവായി ക്രെഡിറ്റ് കാര്‍ഡ് എടുക്കണമെന്നും ഇവര്‍ ഇദ്ദേഹത്തിന് മെസേജ് അയച്ചു. വൈകാരികമായി തന്നെ തളര്‍ത്തുന്ന മെസേജാണ് ഇവര്‍ അയയ്ക്കുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
’ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലെ സെയില്‍സ് ജീവനക്കാരി ഒരിക്കല്‍ എന്നെ വിളിച്ചു. ക്രഡിറ്റ് കാര്‍ഡ് എടുക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ചു. ആദ്യം ഞാന്‍ അതിന് സമ്മതിച്ചു. എന്നാല്‍ പിന്നീട് ക്രഡിറ്റ് കാര്‍ഡ് എടുക്കുന്നില്ലെന്ന് തീരുമാനിച്ചു. ഈ വിവരം അവരെ അറിയിക്കുകയും ചെയ്തു,’’ യുവാവിന്റെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ അതിന് പിന്നാലെ ജീവനക്കാരിയില്‍ നിന്നും നിരന്തരം മെസേജ് വരാന്‍ തുടങ്ങി. ഇത് തന്റെ മനസമാധാനം നശിപ്പിച്ചുവെന്നും യുവാവ് പറഞ്ഞു. വീഡിയോ കെവൈസി പൂര്‍ത്തിയാക്കിയോ എന്ന് ചോദിച്ചാണ് ഇവര്‍ ആദ്യം മെസേജ് അയച്ചത്. അതിന് ശേഷവും ഇക്കാര്യം ചോദിച്ച് മെസേജ് അയച്ചു.
’’ ഹായ് സര്. ഞാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിന്നും പ്രിയയാണ്. ഒരുപാട് നേരമായി സാറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ദയവായി പ്രതികരിക്കുക. താങ്കള്‍ വീഡിയോ കെവൈസി പൂര്‍ത്തിയാക്കിയോ?,’’ എന്നായിരുന്നു ആദ്യത്തെ മെസേജ്.
’’ നിങ്ങളുടെ അപേക്ഷ കാരണം എന്റെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ദയവായി എന്റെ അവസ്ഥ മനസിലാക്കൂ,’’ എന്ന് ബാങ്ക് ജീവനക്കാരി അയച്ച മെസേജില്‍ പറയുന്നു. ഈ മെസേജിന്റെ സ്ക്രീന്‍ഷോട്ടാണ് യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴേ കമന്റുമായി എത്തിയത്. തങ്ങള്‍ക്കും സമാനമായ അനുഭവമുണ്ടായതായി പലരും പറയുന്നു.
’’ സമാനമായ അനുഭവം എനിക്കുമുണ്ടായി. ക്രെഡിറ്റ് കാര്‍ഡിനെപ്പറ്റി എന്നെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ വേറൊരു ജോലി തേടിപോകൂവെന്ന് ബാങ്കിലെ ജീവനക്കാരനോട് ഒരിക്കല്‍ ഞാന്‍ പറഞ്ഞു.
സെയില്‍സ് ജോലിയ്ക്ക് നിങ്ങള്‍ അനിയോജ്യനാണെന്ന് തോന്നുന്നില്ല. കുറച്ച് മാസങ്ങള്‍ക്ക് ശേഷം അതേ വ്യക്തി എന്നെ വിളിച്ചു. അയാള്‍ക്ക് അതേ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ ജോലി ലഭിച്ചുവെന്ന് പറഞ്ഞു. ഞാനുമായി മുമ്പ് നടത്തിയ കോള്‍ അവലോകനം ചെയ്ത ബാങ്കിന്റെ മാനേജരാണ് അദ്ദേഹത്തെ കസ്റ്റമര്‍ സര്‍വീസിലേക്ക് മാറ്റിയത്. അയാള്‍ എന്നോട് നന്ദി പറയുകയും ചെയ്തു,’’ എന്നൊരാള്‍ കമന്റ് ചെയ്തു.