എന്നോടീ ചതി വേണായിരുന്നോ പൊന്നച്ഛാ?..മകന് നിശ്ചയിച്ച പെണ്ണിനെ അച്ഛൻ കെട്ടി, സന്യാസം സ്വീകരിച്ച് മകന്
Wednesday, January 15, 2025 12:19 PM IST
മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ചുറപ്പിച്ച വധുവിനെ അച്ഛന് വിവാഹം കഴിച്ചു. അപമാനിതനായ മകന് കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് ഈ സംഭവം പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.
മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായതിനിടെയായിരുന്നു അച്ഛനും മകന്റെ വധുവും തമ്മിലുള്ള വിവാഹം. മകനു വേണ്ടിയുള്ള പെണ്ണു കാണലും മറ്റു ചടങ്ങുകളും നടക്കുന്നതിനിടെ ഇരുവരും തമ്മിൽ അടുക്കുകയും പ്രണയത്തിലാകുകയുമായിരുന്നു. മകനെ ഉപേക്ഷിച്ച് അച്ഛനെ കെട്ടാൻ വധു സമ്മതം മൂളിയതോടെ ഇവരുടെ വിവാഹവും നടന്നു.
അച്ഛന്റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ വരൻ വീടുപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയാണെന്നു പ്രഖ്യാപിച്ചു. വീട്ടുകാരും നാട്ടുകാരും ഇയാളെ പിന്തിരിപ്പിക്കാന് പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും വേഗം വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പു പറഞ്ഞെങ്കിലും യുവാവ് കടുത്ത തീരുമാനം മാറ്റിയില്ലെന്നു റിപ്പോർട്ടുകളിൽ പറയുന്നു.