ബസിൽവെച്ച് മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി
Thursday, January 2, 2025 11:30 AM IST
ബസ് യാത്രക്കിടെ മൂട്ട കടിച്ച യുവതിക്ക് 1.29 ലക്ഷം രൂപ നൽകാൻ കോടതിവിധി. ബസിന്റെ സീറ്റിൽ നിന്നും മൂട്ട കടിച്ചതിന് പിന്നാലെ ഒരുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാനായി വിധി വന്നത്.
ദക്ഷിണ കന്നഡ പാവൂർ സ്വദേശിനിയായ ദീപിക സുവർണയെയാണ് മൂട്ട കടിച്ചത്. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് യുവതിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. റെഡ് ബസ് വഴിയാണ് യുവതി ബസ് ബുക്ക് ചെയ്തത്. അതിനാൽ തന്നെ ബസ് ഉടമയും റെഡ് ബസ് ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നും ഉപഭോക്തൃ തർക്ക പരിഹാര കോടതി പറഞ്ഞു.
ദീപികയും ഭർത്താവ് ശോഭരാജുമാണ് മംഗളൂരുവിൽ നിന്നും ബംഗളൂരുവിലേക്ക് സ്വകാര്യബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. അതിനിടയിലാണ് ദീപികയെ മൂട്ട കടിച്ചത്. ഇതോടെ അവർക്ക് അലർജി അടക്കം അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു.
കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ പങ്കെടുക്കാനായിരുന്നു ദീപികയുടെയും ഭർത്താവിന്റെയും യാത്ര. ഉറങ്ങുന്നതിനിടെയാണത്രെ ദീപികയെ മൂട്ട കടിച്ചത്. ഈ കാര്യം ബസിലെ ജീവനക്കാരനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ നടപടി സ്വകരിച്ചില്ല എന്നും ദീപിക നൽകിയ പരാതിയിൽ പറയുന്നു.
മൂട്ട കടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചു. അത് ഷോയുടെ പ്രതിഫലം കുറയാൻ കാരണമായി എന്നും പരാതിയിൽ പറയുന്നു.
അന്വേഷണത്തിനൊടുവിൽ കോടതി പറഞ്ഞത്, ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ ദീപികയ്ക്ക് നൽകണം എന്നായിരുന്നു.