ഐടി കന്പനിയുടെ കാന്പസില് പുലി
Wednesday, January 1, 2025 12:30 PM IST
പ്രമുഖ ഐടി കന്പനിയായ ഇന്‍ഫോസിസിന്റെ മൈസൂരു കാന്പസില് പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടോടെയാണു ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ 350 ഏക്കറോളം വരുന്ന ഇൻഫോസിസ് കാന്പസിൽ പുലിയെ കണ്ടത്. കാന്പസിലെ വിവിധ സിസിടിവി കാമറകളിൽനിന്ന് പുലിയുടെ ദൃശ്യം ലഭിച്ചു.
ഇതോടെ കാന്പസിനുള്ളിലും പുറത്തുമുള്ള ജീവനക്കാർക്ക് കാന്പസിലെ ഐടി വിഭാഗം ജാഗ്രതാനിർദേശം നൽകി. തത്കാലത്തേക്ക് ഇന്നുകൂടി വീട്ടിലിരുന്ന് ജോലി ചെയ്യാനാണു നിർദേശം.
കാന്പസിനുള്ളിലെ ഹോസ്റ്റൽ മുറികളിൽനിന്നു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങള്‍ അറിയാൻ ഡ്രോണ്‍ കാമറകളും ഉപയോഗിക്കുന്നു.
സംരക്ഷിത വനത്തിനോടു ചേര്‍ന്നാണ് ഇൻ ഫോസിസ് കാന്പസ്. ഇവിടെ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. 2011ലും ഇവിടെ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.