സിംഹവും ബോഡിബിൽഡറും തമ്മിലുള്ള ഒരു വടംവലി..!
Monday, December 23, 2024 10:39 AM IST
ആനയും മനുഷ്യരുമായുള്ള വടംവലി മലയാളികൾക്കു സുപരിചിതമാണ്. എന്നാൽ സിംഹവുമായുള്ള വടംവലി കേട്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു വടംവലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്.
കാട്ടിലെ രാജാവായ സിംഹവും ഒരു ബോഡി ബിൽഡറും തമ്മിലായിരുന്നു വടംവലി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന വടംവലി നടന്നതാകട്ടെ മൃഗശാലയിലും. എന്നാൽ എവിടെയാണു വടംവലി നടന്നതെന്നു വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.
കൂട്ടിലാണ് സിംഹമുള്ളത്. കൂടിന്റെ ജനാലയ്ക്കുതാഴെയുള്ള ദ്വാരത്തിലൂടെ ഇട്ടിരിക്കുന്ന വടം സിംഹം കടിച്ചുപിടിച്ചിരിക്കുകയാണ്. ബോഡിബിൽഡർ സന്ദർശകർക്കുള്ള ഭാഗത്താണുള്ളത്. ശക്തമായ മത്സരമാണ് സിംഹവും മനുഷ്യനും തമ്മിൽ നടന്നത്. ആദ്യം സിംഹമൊന്നു പതറിയെങ്കിലും പിന്നീട് സിംഹത്തെ കടുകിടെ ചലിപ്പിക്കാൻ മസിൽമാന് കഴിഞ്ഞില്ല.
നിരവധി കാഴ്ചക്കാരുമുണ്ടായിരുന്നു. ആരാണ് വിജയിച്ചത് എന്നത് വ്യക്തമാക്കാതെ സസ്പെൻസിൽ വീഡിയോ അവസാനിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വടംവലി ഈ മൃശാലയിലെ പതിവുകാഴ്ചയാണത്രെ! സിംഹവുമായി വടംവലിക്കാൻ മൃഗശാല അധികൃതർ ഫീസ് ഈടാക്കാറുണ്ടെന്നു പറയുന്നു.