കുറച്ചു ബിയറും കഞ്ചാവും പോരട്ടെ! വിവാഹത്തലേന്നു വധുവിന്റെ വിളി! വിവാഹത്തിൽ നിന്നും പിൻമാറി വരൻ
Saturday, December 21, 2024 1:23 PM IST
വിവാഹത്തലേന്നു രാത്രി പ്രതിശ്രുതവധു ഫോണിൽ വിളിച്ച് ബിയറും കഞ്ചാവും ആവശ്യപ്പെട്ടെന്നു പറഞ്ഞ് വരൻ വിവാഹത്തിൽനിന്നു പിന്മാറി. ഉത്തർപ്രദേശിലെ സഹറാൻപുരിലാണു സംഭവം. രാത്രി ഫോൺ വിളിച്ച വധു, കല്യാണത്തിനു വരുമ്പോൾ ബിയറും കഞ്ചാവും ആട്ടിറച്ചിയും കൊണ്ടുവരണമെന്നു പറഞ്ഞെന്നാണു യുവാവ് പറയുന്നത്.
ആവശ്യം കേട്ട് അന്പരന്നു പോയ വരൻ വീട്ടുകാരെ വിവരമറിയിച്ചു. സത്യാവസ്ഥ അറിയാൻ പെൺകുട്ടിയെ വീണ്ടും വിളിക്കാൻ വരനോടു ബന്ധുക്കൾ ആവശ്യപ്പെട്ടു. തന്റെ ആവശ്യം ആവർത്തിക്കുകയാണ് പെൺകുട്ടി ചെയ്തത്.
വരൻ ഇത് റെക്കോർഡ് ചെയ്തു. തുടർന്നു മരുമകൾ മയക്കുമരുന്നിന് അടിമയാണെന്നാരോപിച്ച് വരന്റെ കുടുംബം വിവാഹത്തിൽനിന്നു പിന്മാറുന്നതായി വധുവിന്റെ വീട്ടുകാരെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമായി.
അതിനിടെ ഭാവി വരൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പെൺകുട്ടി ആരോപിച്ചു. ഒത്തുതീർപ്പുണ്ടാക്കാൻ ഇരുകുടുംബങ്ങളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.