നായയെ പോറ്റാൻ മാസം 60,000 രൂപ..! എയർകണ്ടീഷൻ കൂട്, മൂന്ന് ദിവസം കുളി
Friday, December 20, 2024 4:00 PM IST
നായപ്രേമികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇനമാണു കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗുകൾ. സോവിയറ്റ് യൂണിയനിലെ കോക്കസസ് പർവതനിരകളിൽ കന്നുകാലി സംരക്ഷണത്തിന് ഇടയന്മാരെ സഹായിക്കുന്ന ഭീമൻ നായ്ക്കളാണിവ. കാഴ്ചയിൽ ഭീകരനാണെന്നു തോന്നുമെങ്കിലും മനുഷ്യനുമായി വേഗം ഇണങ്ങും. വളർച്ച എത്തിയാൽ 70 കിലോഗ്രാമിലധികം ഭാരവും 75 സെന്റിമീറ്റർ എങ്കിലും ഉയരവും ഇവയ്ക്കുണ്ടാകും.
ഇവയെ സ്വന്തമാക്കാൻ ലക്ഷങ്ങൾ വില നൽകണമെന്നു മാത്രമല്ല പരിപാലിക്കാൻ മാസം 60,000 രൂപയെങ്കിലും മുടക്കേണ്ടിയും വരും. നായ്ക്കൾക്കായുള്ള പ്രത്യേക ഭക്ഷണത്തിനു പുറമെ മാംസവും മെനുവിൽ നിർബന്ധം. ദിവസത്തിൽ മൂന്നുതവണ ഇവൻ ഭക്ഷണം കഴിക്കും. വേനൽക്കാലത്ത് ഇന്ത്യയിലെ ചൂട് സഹിക്കാൻ കഴിയാത്തതിനാൽ കൂട് എയർകണ്ടീഷൻ ചെയ്തിരിക്കണം. കുടിക്കാൻ ഇടയ്ക്കിടെ തണുത്ത വെള്ളം നൽകുന്നതിനൊപ്പം ദിവസം മൂന്നുതവണ കുളിപ്പിക്കുകയും ചെയ്യണം.
ഡൽഹിയിൽ അടുത്തിടെ നടന്ന പെറ്റ് ഫെഡ് ഇന്ത്യ ഇവന്റിൽ കൊക്കേഷ്യൻ ഷെപ്പേർഡ് നായയെ എത്തിച്ചിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശി വിനായക് പ്രതാപ് സിംഗ് ആണു "തോർ' എന്നു പേരുള്ള നായയെ കൊണ്ടുവന്നത്.
എട്ടു ലക്ഷം രൂപയ്ക്ക് അമേരിക്കയിൽനിന്നാണ് വിനായക് ഇവനെ സ്വന്തമാക്കിയത്. "തോറി'നു കൂട്ടായി ഇതേ ഇനത്തിൽപ്പെട്ട ഒരു പെൺനായയെ കൂടി ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ഏതാനും നാൾ മുൻപ് ബംഗളൂരു സ്വദേശിയായ ഒരാൾ 20 കോടി രൂപയ്ക്ക് ഈ ഇനത്തിൽപ്പെട്ട നായയെ വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.