"1857-ലെ കലാപത്തിലേക്ക് വെളിച്ചം വീശുക'; കുട്ടി അത് അക്ഷരംപ്രതി അനുസരിച്ചു, എന്നിട്ടും...
Tuesday, November 19, 2024 11:01 AM IST
നമ്മുടെ ഭാഷകള്‍ക്ക് രസകരമായ ഒരു കുഴപ്പമുണ്ടല്ലൊ. അതായത് ആലങ്കാരികമായി പറയുന്ന പലതും സാധാരണ അര്‍ഥത്തില്‍ മറ്റൊന്നായിരിക്കുമല്ലൊ. "ഒന്നേ ഉള്ളെങ്കിലും ഒലയ്ക്കയ്ക്ക് അടിക്കണം', "പയ്യെത്തിന്നാല്‍ പനയും തിന്നാം' ഇങ്ങനെയൊക്കെയുള്ള ചില ഭാഷ്യങ്ങള്‍ ഭംഗ്യന്തരേണയുള്ളതാണല്ലൊ. പഴഞ്ചൊല്ല് അക്ഷരാര്‍ഥത്തില്‍ ചെയ്താല്‍ ഒലക്ക കൊണ്ട് അടിയേറ്റ് കുട്ടിക്ക് അപകടം സംഭവിക്കില്ലെ.
ഏറ്റവും കൂടുതല്‍ സരസമായ കാര്യങ്ങള്‍ കാണപ്പെടുന്ന ഒന്നാണല്ലൊ ഉത്തരക്കടലാസുകള്‍. ചില കുട്ടികളുടെ ഉത്തരക്കടലാസ് അധ്യാപകരെ കുറച്ചല്ല ചിരിപ്പിക്കാറ്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇത്തരം നിരവധി സംഭവങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്.
ഇപ്പോഴിതാ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്ന വിദ്യാര്‍ഥിയുടെ പ്രതികരണം ആളുകളെ ചിരിപ്പിക്കുന്നു. ചരിത്രപരീക്ഷ ഉത്തരക്കടലാസിലാണ് സംഗതി. ചോദ്യം "ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വാഴ്ത്തപ്പെടുന്ന 1857-ലെ കലാപവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. "1857-ലെ കലാപത്തിലേക്ക് വെളിച്ചം വീശുക' എന്നാതാണ് ചോദ്യരൂപം.
കുട്ടി അത് അക്ഷരംപ്രതി പാലിച്ചു. കലാപത്തിന്റെ വിശദമായ ചരിത്ര വിവരണം നല്‍കുന്നതിനുപകരം, വിദ്യാര്‍ഥി ഒരു ടോര്‍ച്ചിന്റെ ചിത്രം വരച്ചു. ചുരുക്കത്തില്‍ "1857 ലെ കലാപം' എന്നെഴുതിയിരിക്കുന്നതിലേക്ക് ടോര്‍ച്ച് കത്തിച്ചുവച്ചിരിക്കുന്നു.
ഈ ഉത്തരം ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അതിന്റെ "സര്‍ഗാത്മകത' ചിരിക്ക് വകനല്കി. എന്തായാലും പൂജ്യം മാര്‍ക്കാണ് ടീച്ചര്‍ ഈ വെട്ടത്തിന് കൊടുത്തത്. കുട്ടിയുടെ ഉത്തരം നെറ്റിസണ്‍സിനും ചിരി നല്കി.