"പ്രതിഷേധം ഒരു കലയാണ്'; ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ എംപി പറയുന്നത്
Friday, November 15, 2024 11:36 AM IST
നമ്മുടെ പാര്‍ലമെന്റിലും നിയമസഭയിലും അരങ്ങേറുന്ന കോലാഹലങ്ങള്‍ മിക്കവരും കാണാറുണ്ടല്ലൊ. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ വാഗ്വാദങ്ങളാല്‍ സഭയെ പ്രക്ഷുബ്ധമാക്കാറുണ്ട്. ചില അവസരങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയും വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ ഇടപെടുകയുമൊക്കെ ചെയ്യും.
എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല ലോകത്തെ പല പാര്‍ലമെന്റുകളിലും നടക്കാറുണ്ട്. അടുത്തിടെ ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ അരങ്ങേറിയ പ്രതിഷേധം ലോകത്തിന്റെ ശ്രദ്ധ കവര്‍ന്നിരുന്നു. അതിനു കാരണം അവിടുത്തെ യുവ എംപിയാണ്.
ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ഹന-റൗഹിതി മൈപി-ക്ലാര്‍ക്ക്. 22 കാരിയായ ഇവര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിനിടെ ഹന നടത്തിയ നൃത്തം അന്ന് വലിയ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ തന്റെ പ്രതിഷേധപ്രകടനത്തിനിടെ പാര്‍ലമെന്റില്‍ ഹക്ക നൃത്തം അവതരിപ്പിച്ചിരിക്കുകയാണ് യുവതി. ബ്രിട്ടീഷ് കിരീടവും മാവോറി ജനതയും തമ്മിലുള്ള 184 വര്‍ഷം പഴക്കമുള്ള ഉടമ്പടിയുടെ വ്യാഖ്യാനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലിനെതിരെയാണ് ഹന പ്രതിഷേധിച്ചത്.
ബില്‍ കീറിയെറിഞ്ഞ അവര്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റുകൊണ്ടാണ് "ഹക്ക വാര് ക്രൈ' നൃത്തം അവതരിപ്പിച്ചത്. കാലുകള്‍ ചവിട്ടി, മുഷ്ടി ചുരുട്ടി, ദേഷ്യപ്പെട്ട മുഖഭാവങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് പരമ്പരാഗത ഹക്ക നൃത്തച്ചുവടുകള്‍ പ്രദര്‍ശിപ്പിച്ചു.
ഹനയ്ക്കൊപ്പം മറ്റ് എംപിമാരും നൃത്തം ചെയ്യാന്‍ എത്തി. അവരിലൊരാള്‍ വളരെ ആവേശഭരിതനായിട്ടാണ് ചുവടുവച്ചത്. വെല്ലുവിളിയുടെ താളാത്മകമായ മാവോറി മന്ത്രോച്ചാരണമായി ഹന ഹക്ക ആരംഭിച്ചപ്പോള്‍, അവളുടെ പാര്‍ട്ടി അംഗങ്ങള്‍ മാത്രമല്ല, പൊതു ഗ്യാലറിയില്‍ നിന്ന് സെഷന് സാക്ഷ്യം വഹിക്കുന്ന കാണികളും ഒപ്പം ചേര്‍ന്നു.
ഇതേത്തുടര്‍ന്ന്, വിവാദ ബില്ലിന് വേണ്ടി വോട്ട് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പാര്‍ലമെന്റ് സമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഇതിന്റെ ദൃശ്യങ്ങള്‍ ലോകമെമ്പാടും എത്തി. "പ്രതിഷേധത്തിലും കലാകാരി' എന്നാണൊരാള്‍ കുറിച്ചത്.