ദീപാവലിക്ക് "ബാർബി' വരും ഇന്ത്യൻ സ്റ്റൈലിൽ
Friday, October 11, 2024 12:35 PM IST
ലോകമെന്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണു ബാർബി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ പുത്തൻ ലുക്കിൽ ബാർബി എത്തും. തനി നാടൻ ഇന്ത്യൻ വസ്ത്രങ്ങളിലാണു ബാർബി അണിഞ്ഞൊരുങ്ങുന്നത്.
വസ്ത്രാലങ്കാരങ്ങളിൽ മാത്രമല്ല ഇന്ത്യൻ ടച്ച്, ചമയങ്ങളും അങ്ങനെതന്നെ. "മൂൺലൈറ്റ് ബ്ലൂം ലഹങ്ക' ധരിച്ച് കണ്ണെഴുതി പൊട്ടുകുത്തി, ആഭരണങ്ങളും അണിയും. സ്വർണനിറത്തിലുള്ള വളകളും കമ്മലുകളുമാണു ബാർബി അണിഞ്ഞിരിക്കുന്നത്. സ്വർണനിറം ദീപാവലിയുടെ ശോഭയെ പ്രതിഫലിപ്പിക്കുന്നു.
ബാർബി ധരിച്ചിരിക്കുന്ന ഹൈഹീൽ ചെരുപ്പുകളും ഇതേ നിറത്തിലുള്ളതാണ്. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മേറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ മുംബൈ സ്വദേശിനി അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം.
ബാർബിയുടെ വസ്ത്രരൂപകൽപ്പനയിലൂടെ ഭാരതീയ സംസ്കാരത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അനിതാ ഡോംഗ്രെ പറയുന്നു. ഹിലരി ക്ലിന്റൺ, പ്രിയങ്ക ചോപ്ര, ബിയോൺസ്, കേറ്റ് മിഡിൽട്ടൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട് അനിത ഡോംഗ്രെ.