പൈലറ്റിന് ഹൃദയാഘാതം; വിമാനം പറത്താനറിയാത്ത ഭാര്യ ചെയ്ത സാഹസികത...
Thursday, October 10, 2024 1:38 PM IST
മാനത്ത് കൂടി പാറിപ്പോകുന്ന വിമാനത്തിന് കൈകാട്ടാന്‍ നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാലത് പറത്തണമെങ്കില്‍ പഠിക്കണമല്ലൊ. വാഹനങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. പക്ഷെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ അപകടത്തിലായാല്‍ ആരാണ് സാഹസികരാകാത്തത്. അപ്പോള്‍ വിമാനമല്ല റോക്കറ്റുവരെ ആളുകള്‍ ഓടിക്കും.
ഇത്തരമൊരു സാഹസിക സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം. ഇവിടെ വിമാനം പറത്താനറിയാത്ത ഒരു യുവതി ഭര്‍ത്താവിനായി വിമാനം സാഹസികമായി നിലത്തിറക്കുകയുണ്ടായി.
യെവോണ്‍ വെല്‍സ് എന്ന 69 കാരിയാണിവര്‍. ഈ മാസം നാലിന് അവരും ഭര്‍ത്താവ് എലിയറ്റ് ആല്പറും വിമാനത്തില്‍ സഞ്ചരിക്കുകയുണ്ടായി. പ്രൈവറ്റ് ജെറ്റില്‍ ലാസ് വെഗാസിലെ ഹെന്ഡേഴ്സണ് എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്ന് കാലിഫോര്‍ണിയയിലെ മോണ്ടെറിയിലേക്ക് പോകുകയായിരുന്നു ഇരുവരും.
അതിനിടയില്‍ പൈലറ്റായ ആല്പറിന് ഹൃദയാഘാതം ഉണ്ടായി. യെവോണി ആകെ പരിഭ്രാന്തയായി. കാരണം അവര്‍ക്ക് വിമാനവുമായി യാത്ര ചെയ്ത പരിചയം മാത്രമാണുണ്ടായിരുന്നത്. ഈ സമയം ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ബേക്കേഴ്സ്ഫീല്‍ഡിലെ മെഡോസ് ഫീല്‍ഡ് എയര്‍ഫീല്‍ഡിലേക്ക് വിമാനം വഴിതിരിച്ചുവിടാന്‍ എയര്‍ ട്രാഫിക് കണ്ട്രോളര്മാര് അവളെ സഹായിച്ചു.
അവരുടെ നിര്‍ദേശാനുസരണം യെവോണി വിമാനം എങ്ങനെയൊക്കെയോ നിലത്തിറക്കി. എന്നാല്‍ പരിചയക്കുറവ് നിമിത്തം 11,000 അടി റണ്‍വേ മുഴുവന്‍ ഉപയോഗിച്ചു. ഉടനടി വിമാനത്താവളത്തിന്റെ അധികാരികളും ആരോഗ്യപ്രവര്‍ത്തകരും അവിടേയ്ക്ക് എത്തി.
വിമാനം സാഹസികമായി നിലത്തിറക്കിയെങ്കിലും 78കാരനായ ഭര്‍ത്താവിനെ അവര്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.