അര്ജുനന് സ്റ്റോഴ്സ്; "അനിയന് അര്‍ജുനായി' കൊല്ലംകാരന് ബദറുദ്ദീന്റെ സ്നേഹക്കട
Monday, September 30, 2024 2:57 PM IST
കൊല്ലമെന്ന് കേള്‍ക്കുമ്പോഴെ പലരുടെയും മനസില്‍ "അടിപിടി' എന്ന കാര്യം തോന്നും. എന്നാല്‍ വാസ്തവത്തില്‍ കൊല്ലംകാര് അങ്ങനെയല്ല. കോവിഡ് കാലത്ത് ആടിനെ വിറ്റ് കാശ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനും വയനാട് ദുരന്തത്തില്‍ സഹായിക്കാനും എന്തിനേറെ പ്രളയകാലത്ത് ബോട്ടുമായി ഇറങ്ങാനുമൊക്കെ വലിയ മനസ് കാട്ടിയവരാണ് കൊല്ലംകാര്.
കാരണം മറ്റുള്ളവരുടെ സങ്കടത്തില്‍ അവരുടെ മനസ് പെട്ടെന്ന് നോവും. കുറച്ചാളുകള്‍ ചെയ്യുന്ന തെറ്റിന്റെ പേരില്‍ ഒരു ജില്ലയെ ആകെ കളിയാക്കുന്നത് ശരിയല്ലെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ മറ്റൊരു കൊല്ലംകാരന് കൂടി തന്റെ വേറിട്ട പ്രവൃത്തി നിമിത്തം വൈറലാകുന്നു. കൊല്ലം പള്ളിമുക്കിലുള്ള ബദറുദ്ദീന്‍ ആണ് ഈ വ്യക്തി. ഒരു കടയ്ക്ക് നന്മയുള്ള ഒരു പേര് നല്‍കിയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ താരമാകുന്നത്.
ഷിരൂര്‍ ഗംഗാവാലി പുഴയില്‍ അസ്തമിച്ച കോഴിക്കോടുകാരന് അര്ജുന് കേരളത്തിന്റെ ആകെ ദുഃഖമാണല്ലൊ. 72-ാം ദിവസം അദ്ദേഹത്തെ ജീവനോടെ അല്ലാതെ കണ്ടെത്തിയത് നമ്മളെ വല്ലാതെ ഉലച്ചിരുന്നല്ലൊ.
ഈ സംഭവം ബദറുദ്ദീനെയും വല്ലാതെ നോവിച്ചിരുന്നു. നേരത്തെ, അര്‍ജുനെ കണ്ടെത്താന്‍ അധികൃതര്‍ വേണ്ടത് ചെയ്യണമെന്ന് പള്ളിമുക്ക് കവലയില്‍ അദ്ദേഹം ഫ്ളെക്സ് വച്ചിരുന്നു.
അര്‍ജുന്റെ സംസ്കാരം തന്നെ മാനസികമായി ഉലച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ അനുജനായ അര്‍ജുനായി എന്തെങ്കിലും ചെയ്യണമെന്ന് ബദറുദ്ദീന്‍ ഉറപ്പിച്ചു. തത്ഫലമായി പള്ളിമുക്ക് വില്ലേജ് ഓഫീസിന്റെ പിറകില്‍ അര്‍ജുന്റെ ഓര്‍മയ്ക്കായി ഒരു കട ആരംഭിച്ചു.
കടയുടെ പേര് "അര്ജുനന് സ്റ്റോര്‍'. അര്ജുന് എന്ന പേര് മലയാളവത്ക്കരിച്ചാണ് അര്ജുനന് ആക്കിയതത്രെ. എന്തായാലും വൈകാതെ അര്ജുന് എന്നുതന്നെയാക്കും. കടയില്‍ അര്‍ജുന്റെയും ലോറി ഉടമ മനാഫിന്റെയും പേരും ചിത്രവുമുണ്ട്.
വാര്‍ത്ത വൈറലായി. നിരവധിപേര്‍ അദ്ദേഹത്തിന്റെ മനസിന്റെ നന്മയെ പുകഴ്ത്തി. "മതം പലരും ഉയര്‍ത്തിപ്പിടിക്കുന്ന കാലത്ത് സാഹോദര്യം ഉറപ്പിച്ച നന്മ' എന്നാണ് ചിലര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
"എന്നാലിത് വെറും കച്ചവട തന്ത്രം എന്നും' ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. "പക്ഷെ എല്ലുപൊടിയും കുമ്മായവും പിണ്ണാക്കും ചാണകവും വില്‍ക്കുന്ന കടയില്‍ അത് ആവശ്യമുള്ളവരല്ലെ വരൂ. എന്ത് കച്ചവടതന്ത്രം' എന്നാണ് വിമര്‍ശകരോട് മറുപക്ഷം തിരക്കുന്നത്.