"ത്രിമാന'ത്തെ കാപ്പി; ഈ മിഥ്യാധാരണ വൈറലാണ്
Monday, September 30, 2024 10:51 AM IST
ഒരു പ്രോഡക്ടിന്റെ വിജയത്തില്‍ പരസ്യം വലിയ ഘടകമാണല്ലൊ. കമ്പനികള്‍ തമ്മിലുള്ള കിട മത്സരങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്ത്തുന്നവരാകുമല്ലൊ വിജയികള്‍. കാലാകാലങ്ങളായി കണ്ടുവരുന്ന ഒരു പരസ്യരീതിയാണല്ലൊ ബില്‍ബോര്‍ഡുകള്‍.
ഹോര്‍ഡിംഗ്സുകള്‍ നിരത്തിന് സമീപത്തെ പാടത്തും പറമ്പിലും കാണുമല്ലൊ. എന്നാല്‍ കാലം മാറിയപ്പോള്‍ ഇവയില്‍ പുതിയപുതിയ ശൈലികള്‍ എത്തുന്നു. അത്തരമൊന്നു ബംഗളൂരുവില്‍ നിന്നുള്ള ഒരു 3 ഡി ബില്‍ബോര്‍ഡ് പരസ്യം കാട്ടുന്നു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ തിരക്കേറിയ ഒരു നിരത്ത് കാണാം. ആ റോഡിന് സമീപത്തായി ഒരു ബില്‍ബോര്‍ഡ് പരസ്യം ഉണ്ട്. ഒരാള്‍ കാപ്പിക്കപ്പുമായി നില്ക്കുന്നു. കൂട്ടത്തില്‍ റസ്റ്റോറന്റ് ശൃംഖലയുടെ വിലാസവും.
എന്നാല്‍ അപ്രതീക്ഷിതമായ ഒരു കാര്യം പെട്ടെന്ന് സംഭവിക്കുകയാണ്. അതായത് ഈ പരസ്യത്തിലുള്ളയാള്‍ തിരിഞ്ഞ് കാപ്പി ഗ്ലാസില്‍ പകര്‍ത്തുകയും യാത്രക്കാര്‍ക്ക് നേരെ നീട്ടുകയും ചെയ്യുന്നു. ഇത് വലിയ അതിശയമാണ് ആളുകളില്‍ ഉണ്ടാക്കിയത്.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍...' എന്നാണൊരാള്‍ കുറിച്ചത്. "സര്‍ഗ്ഗാത്മകത - നന്നായി, പക്ഷേ ഇത് ശ്രദ്ധ വ്യതിചലിക്കുന്നതല്ലേ?' എന്നാ ആശങ്കയാണ് മറ്റൊരാള്‍ പങ്കിട്ടത്. ഇതു യഥാര്ഥമാണൊ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്.