പെരുമഴയിൽ കാവൽ നിന്നില്ലെ... ; അത്തപ്പൂക്കളത്തില്‍ വയനാടന്‍ കൊമ്പന് ആദരം
Tuesday, September 17, 2024 11:01 AM IST
വയനാട് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട അമ്മയ്ക്കും കൊച്ചുമകള്‍ക്കും കാവല്‍നിന്ന കാട്ടുകൊമ്പന് ആദരമൊരുക്കി അത്തപ്പൂക്കളം. പെരിങ്ങരയമ്മര്കുളങ്ങര മഹാഗണപതീക്ഷേത്രത്തില് ഇത്തവണയൊരുക്കിയ അത്തപ്പൂക്കളമാണ് ശ്രദ്ധേയമായത്.
എട്ട് മണിക്കൂര്‍ ചെലവഴിച്ചാണ് യമ്മര്‍കുളങ്ങര ക്ഷേത്രസമിതിയും ഭക്തരും സംയുക്തമായി പൂക്കളമൊരുക്കിയത്. വാടാമുല്ലയും കരിയും ചേര്‍ത്താണ് ആനയുടെ രൂപം ഒരുക്കിയെടുത്തത്. ചന്ദനം ഉപയോഗിച്ച് പതവിരിയും ലക്ഷണ രേഖകളും മനോഹരമാക്കി. സമാനമായ രീതിയില്‍ വൃദ്ധമാതാവിനെയും കുട്ടിയെയും വരച്ചെടുത്തു. പത്തടി വ്യാസത്തിലുള്ള പൂക്കളത്തിന് മുപ്പത് കിലോയോളം പൂക്കളാണ് ഉപയോഗിച്ചത്.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍നിന്ന് കൊച്ചുമകള്‍ക്കൊപ്പം ഓടിരക്ഷപ്പെടുന്നതിനിടെ കാട്ടാനയ്ക്ക് മുന്നിലകപ്പെട്ട നിമിഷത്തെക്കുറിച്ച് മേപ്പാടിയിലുള്ള സുജാതയെന്ന സ്ത്രീയുടെ അനുഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധേയമായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് അഞ്ഞിശച്ചിലയില്‍ സുജാത പറഞ്ഞത് അത്ഭുതത്തോടെയും കണ്ണീരോടെയുമാണ് മലയാളികള്‍ കേട്ടത്.
രക്ഷപ്പെട്ട് ഓടുകയാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോള്‍ കൊമ്പന് കണ്ണീരണിഞ്ഞെന്നാണ് സുജാത പറയുന്നത്. അപകടം നടന്ന ദിവസം പുലര്‍ച്ചെ രണ്ടുമുതല്‍ നേരം വെളുക്കുന്നതുവരെ കാട്ടില്‍ കാട്ടാനയ്ക്കരികിലാണ് തങ്ങള്‍ കഴിഞ്ഞതെന്നാണ് സുജാത പറയുന്നത്.
പെരുമഴയ്ക്കിടെ കാപ്പിക്കാടിന് നടുവിലൂടെ ഓടി രക്ഷപ്പെടുമ്പോഴാണ് സുജാതയും സംഘവും കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. മരണത്തില്‍നിന്ന് രക്ഷപ്പെട്ട്, മരണത്തിലേക്കുതന്നെ എത്തിയെന്നാണ് ആനയ്ക്ക് മുന്നില്‍ അകപ്പെട്ടപ്പോള്‍ തോന്നിയതെന്നും സുജാത പറഞ്ഞിരുന്നു.
പൂക്കളത്തിലൂടെ സുജാതയെയും പേരക്കുട്ടിയെയും കാട്ടാനയെയും വരച്ചതോടെ ഓണനാളില്‍ സമൂഹമാധ്യമങ്ങളിലും ഇതു ശ്രദ്ധേയമായി.