സ്നേഹം "ഭാരമായ' റഷ്യയിലെ പൂച്ച; ഡയറ്റിലാണ്...
Wednesday, September 11, 2024 12:50 PM IST
പൂച്ച നമുക്ക് മിക്കവര്‍ക്കും ഇഷ്ടമുള്ള ജീവിയാണല്ലൊ. പല ഉടമകളും അവറ്റകള്‍ക്ക് വാരിക്കോരി ആഹാരം കൊടുക്കാറുണ്ട്. എന്നാല്‍ അത്തരം സ്നേഹം അവയുടെ ആരോഗ്യത്തെ ബാധിക്കും.
റഷ്യയിലുള്ള ഒരു പൂച്ച ഇതിനുദാഹരണമാണ്. ക്രോഷിക് എന്നാണിതിന്റെ പേര്. നിലവില്‍ 17 കിലോ ഗ്രാം ഭാരമാണതിന്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നാലു വയസുള്ള കുട്ടിയുടെയത്ര ഭാരമാണിതിന്. ഈ ഭാരം നിമിത്തം ശരിയായി ഒന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പൂച്ച.
യുറല്‍ പര്‍വതനിരകള്‍ക്ക് സമീപമുള്ള നഗരമായ പെര്‍മിലെ ആശുപത്രിയുടെ ബേസ്മെന്റിലേക്ക് എത്തപ്പെട്ടതായിരുന്നു ഈ പൂച്ച. ആശുപത്രിയിലെ ജീവനക്കാര്‍ പൂച്ചക്കുട്ടിക്ക് ബിസ്കറ്റും സൂപ്പും നല്കി. എന്നാല്‍ അത് വിനയായി മാറി. കാര്‍ട്ടൂണ്‍ കഥാപാത്രമായ ഗാര്ഫീല്ഡിനോട് സാമ്യമുള്ള ക്രോഷിക് പൊണ്ണത്തടിയനായി മാറി.
നിലവില്‍ പൂച്ചയ്ക്ക് ഭക്ഷണക്രമീകരണവും വ്യായമവും നല്കി സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനാണ് ആശുപത്രിക്കാര് ശ്രമിക്കുന്നത്. ഫിസിക്കല്‍ തെറാപ്പിക്ക് വിധേയനാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.
ക്രോഷിക്കിന്റെ പ്രായത്തിലെ പൂച്ചയ്ക്ക് നാലരക്കിലോ ഭാരം മാത്രമേ ആകാന്‍ പാടുള്ളു. ആ ഭാരത്തിലെത്തണമെങ്കില് നിലവിലെ തൂക്കത്തിന്റെ 70 ശതമാനം കുറയ്ക്കണം. അതായത് പൂച്ചയ്ക്ക് വീണ്ടും ആരോഗ്യം ലഭിക്കണമെങ്കില്‍ ആഴ്ചയില്‍ 70-150 ഗ്രാം വരെ നഷ്ടപ്പെടേണ്ടതുണ്ട്.
വെെകാതെ ക്രോഷിക് മിടുക്കനായി ഓടിനടക്കുമെന്നാണ് പൂച്ചസ്നേഹികൾ പ്രതീക്ഷിക്കുന്നത്...