പൊടിപടലങ്ങള്‍ക്കിടയില്‍ നിന്നും ഭാഗ്യ"രേഖ' തെളിഞ്ഞപ്പോള്‍...
Monday, September 9, 2024 12:08 PM IST
ഭാഗ്യം, അത് ഏത് വഴിക്ക് എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലൊ. ഇത്തരത്തിലെത്തുന്ന അപ്രതീക്ഷിത ഭാഗ്യങ്ങള്‍ ആരെയും ഞെട്ടിക്കും. അതും കോടികളുടെ സൗഭാഗ്യമാണ് എത്തുന്നതെങ്കില്‍ ആളുകള്‍ ആര്‍ത്തുല്ലസിക്കും.
അത്തരത്തില്‍ ഭാഗ്യം ലഭിച്ച ഒരാളുടെ കാര്യമാണിത്. അതും പൊടിപലങ്ങള്ക്കിടയില് നിന്നായിരുന്നു ഈ ഭാഗ്യം കൈവന്നത്. അമേരിക്കയിലെ നോര്‍ത്ത് കരോലിന സേത്ത് കല്ലേര്‍ ആണ് ഈ മഹാഭാഗ്യവാന്.
അദ്ദേഹം അടുത്തിടെ തന്റെ വീട് ഒന്ന് വൃത്തിയാക്കി. വീടിന്റെ മൂലകളില്‍ നിന്ന് പൊടി തുടയ്ക്കുന്നതിനിടയില്‍ അദ്ദേഹം ഒരു രഹസ്യ ഡ്രോയര്‍ കണ്ടു. അത് തുറന്നുനോക്കിയ ആള് ഞെട്ടി. കാരണം ലേലം ചെയ്താല്‍ വിപണിയില്‍ 300 കോടിയിലധികം വിലമതിക്കുന്ന അപൂര്‍വ രേഖയായിരുന്നു അതിനുള്ളില്‍.
അമേരിക്കന്‍ ഭരണഘടനയുടെ ഏറ്റവും പഴയ പകര്‍പ്പായിരുന്നു ആ രേഖ. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോര്‍ത്ത് കരോലിനയുടെ ഗവര്‍ണറായിരുന്ന സാമുവല്‍ ജോണ്‍സ്റ്റണ്‍ ഈ വീട്ടില്‍ താമസിച്ചിരുന്നു. 1787 മുതല്‍ 1789 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഗവര്‍ണറായി പ്രവര്‍ത്തിച്ചത്.
അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന മാസങ്ങളില്‍ നോര്‍ത്ത് കരോലിനയില്‍ ഒരു സമ്മേളനം നടന്നു. അതില്‍ അമേരിക്കന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് ഭരണഘടന അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ചു.
അക്കാലത്ത് അമേരിക്കന്‍ കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന ചാള്‍സ് തോംസണ്‍ ഭരണഘടനയുടെ 100 കോപ്പികള്‍ അച്ചടിച്ചിരുന്നു. ഇതില്‍ എട്ടെണ്ണം മാത്രമാണ് അമേരിക്കയില്‍ ഇപ്പോൾ ഉള്ളത്. ചാള്‍സ് തോംസണിന്റെ ഒപ്പോടെ 13 സംസ്ഥാനങ്ങളിലേക്ക് രണ്ട് കോപ്പികള്‍ വീതം അയച്ചു.
ഈ പകര്പ്പുകളിലൊന്നാണ് സാമുവല്‍ ജോണ്‍സ്റ്റണിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 237 വര്‍ഷം പഴക്കമുള്ള രേഖയാണ് ഇപ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന സേത്തിന് ലഭിച്ചത്. ഇതിന് കുറച്ച് മടക്കുകളും ചെറിയ പാടുകളുംമാറ്റി നിര്‍ത്തിയാല്‍ രേഖ കൃത്യമായിട്ടാണുള്ളത്.
ഇതൊരു ചരിത്രരേഖയാണെന്നും അമേരിക്കന്‍ ഭരണഘടനയുടെ ആമുഖം അടങ്ങിയിരിക്കുന്ന ഇതിന് 300ല്‍ അധികം കോടികള്‍ ലഭിച്ചേക്കുമെന്നും ലേലം നടത്തിപ്പുകാരനായ ആന്‍ഡ്രൂ ബ്രങ്ക് പറയുന്നു. 1891-ല്‍ ഇതിന്റെ ഒരു കോപ്പി 400 ഡോളറിന് (33,574 രൂപ) വിറ്റു. 2021-ല്‍, ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് സമാനമായ ഒരു കോപ്പി 43.2 മില്യണ്‍ ഡോളറിന് അതായത് 362 കോടി രൂപയ്ക്കാണത്രെ വിറ്റത്.