"അതുല്യ പ്രകടനം'; സൈക്കിള്‍ അഭ്യാസി ഞെട്ടിച്ചെന്ന് നെറ്റിസണ്‍സ്
Sunday, September 8, 2024 12:12 PM IST
"വിസ്മയം' എന്ന വാക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ തിരിച്ചറിവുകളെ മറികടക്കുന്ന ഒന്നാണല്ലൊ. ചില മനുഷ്യര്‍ അവരുടെ അസാധാരണ പ്രകടനമൊ കഴിവൊ നിമിത്തം നമ്മളില്‍ വിസ്മയം തീര്‍ക്കാറുണ്ട്. ആ ഗണത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ സര്ക്കസുകാരണ്. അവരുടെ മെയ്വഴക്കവും ഏകാഗ്രതയും ആരെയുംകൊണ്ട് കൈയടിപ്പിക്കും.
ഇപ്പോഴിതാ ഒരു തെരുവ് സര്ക്കസുകാരന് തന്റെ സൈക്കിളില്‍ നടത്തുന്ന പ്രകടനം കൊണ്ട് ചുറ്റുമുള്ളവരെയും നെറ്റിസണ്‍സിനെയും ഞെട്ടിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നടുവിലായി ഒരു സൈക്കിളില്‍ തൂങ്ങികിടക്കുകയാണ് ഒരാള്‍. ഇതിനിടയില്‍ ഒരു നോട്ട് അദ്ദേഹം മണ്ണില്‍ വയ്ക്കുന്നു. ശേഷം സൈക്കിള്‍ ബാല്‍സ് ചെയ്ത് അത് കണ്ണുകൊണ്ട് എടുക്കുന്നു.
നോട്ട് വീണ്ടെടുത്ത ശേഷം അയാള്‍ അത് ടീ ഷര്‍ട്ടിനടിയില്‍ തിരുകി സൈക്കിളില്‍ കയറുന്നു. പിന്നീട് ഇരിക്കാൻ സീറ്റില്ലാത്ത സൈക്കിള്‍ കൈകെട്ടിയും മറ്റും ഓടിക്കുന്നു. സൈക്കിള്‍ ഓടിക്കുമ്പോഴും അദ്ദേഹം പല അഭ്യാസങ്ങള്‍ കാട്ടുന്നു.
ഈ മനുഷ്യന്റെ അസാമാന്യ ബാലന്‍സില്‍ നെറ്റിസണ്‍സ് ഞെട്ടിത്തരിച്ചു. നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കമന്റുകളിട്ടു. "അതിശയംതന്നെ ഈ പ്രതിഭയ്ക്ക് കൈയടിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല' എന്നാണൊരാള്‍ കുറിച്ചത്.