ഹെൻറി; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല
Friday, September 6, 2024 3:07 PM IST
വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വാസസ്ഥലമാണല്ലൊ നമ്മുടെ ഈ ഭൂമി. കോടിക്കണക്കിനുള്ള ജീവികള്‍ നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ അവയില്‍ ചിലത് തങ്ങളുടെ സവിശേഷത നിമിത്തം മനുഷ്യരുടെ ശ്രദ്ധ കവരും.
അത്തരത്തില്‍ ശ്രദ്ധനേടിയ ഒരു മുതലയാണ് ഹെൻറി. അതിനു കാരണം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയാണിത്. 1900ല്‍ ആണ് ഹെൻറി ജനിച്ചത്. അതായത് നിലവില്‍ 124 വയസാകുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റ ആണത്രെ ജന്മസ്ഥലം.
മുതലയ്ക്ക് ഹെൻറി എന്ന മനുഷ്യനാമം ലഭിച്ചതെങ്ങനെയെന്ന് വിവരിക്കുന്ന രസകരമായ ഒരു കഥയുണ്ട്. പണ്ട് ബോട്സ്വാനയിലെ പ്രാദേശിക ഗോത്രങ്ങള്‍ ഈ മുതല പ്രദേശത്ത് മനുഷ്യ കുട്ടികളെ ആക്രമിക്കുന്നത് നിരീക്ഷിച്ചു.
പരിഭ്രാന്തരായ അവര്‍ പ്രശസ്ത വേട്ടക്കാരനായ സര് ഹെൻറി ന്യൂമാനോട് ആശങ്ക അറിയിച്ചു. എന്നാല്‍ അദ്ദേഹം മുതലയെ കൊല്ലുന്നതിനുപകരം പിടികൂടാനും ആജീവനാന്ത പരിചരണം തീരുമാനിച്ചു. അങ്ങനെയാണ് മുതലയ്ക്ക് അദ്ദേഹത്തിന്റെ പേര് ലഭിച്ചത്.
ആറ് ഇണകളില്‍ നിന്നായി പതിനായിത്തില്പ്പരം കുഞ്ഞുങ്ങളാണ് ഈ മുതലയ്ക്കുള്ളത്. 700 കിലോഗ്രാം ഭാരവും16 അടി നീളവും ഇതിനുണ്ട്. ചുരുക്കത്തില്‍ ഒരു മിനിബസിന്റെ വലുപ്പം ഇതിനുണ്ട്.
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന അംഗീകാരം നമ്മുടെ ഹെൻറിക്കല്ല. അത് ഓസ്ട്രേലിയയിലെ ഉപ്പുവെള്ള മുതലയായ കാസിയസ് ആണ്. 17 അടി ആണതിന്റെ ഉയരം.