മൂങ്ങകള്‍ ചുംബിക്കുന്ന അപൂര്‍വ ദൃശ്യം; വൈറലാകുന്നു
Monday, September 2, 2024 11:49 AM IST
ഈ പ്രണയവും സ്നേഹവുമൊക്കെ മനുഷ്യര്‍ക്ക് മാത്രമുള്ളതാണെന്നാണ് പലരും കരുതുക. എന്നാല്‍ പ്രണയത്തില്‍ "നോ' പറയുമ്പോള്‍ ആസിഡ് ഒഴിക്കുന്നതും കഴുത്തറുക്കുന്നതുമൊക്കെ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്.
പക്ഷെ പ്രണയസല്ലാപങ്ങളും സ്നേഹം പങ്കുവയ്ക്കലുമൊക്കെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും; എന്തിനേറെ ചെടികള്‍ക്കുപോലും ഉണ്ട്. ഒരു ശലഭത്തിനായി തലയാട്ടുന്ന പൂവുകളെ കണ്ടിട്ടില്ലെ.
നാം പലപ്പോഴും പ്രാവുകളും മറ്റും സ്നേഹം പങ്കിടുന്ന കാഴ്ചകള്‍ കണ്ടിരിക്കാം. എന്നാല്‍ രണ്ട് മൂങ്ങകള്‍ തമ്മിലുള്ള ഒരു ചുംബനമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ഇന്‍സ്റ്റഗ്രാമിലെത്തിയ ഈ കാഴ്ച ഒരുക്കിയത് കോള്ട്ടണ് ലോക്ക്റിഡ്ജ് എന്ന് അറിയപ്പെടുന്ന ഒരു കനേഡിയനാണ്.
ദൃശ്യങ്ങളില്‍ ഒരു മരക്കൊമ്പിലിരിക്കുന്ന മൂങ്ങകളെ കാണാം. മൂങ്ങകളില്‍ ഒന്ന് ചെറിയ ചുവടുകള്‍ വെച്ച് മറ്റൊന്നിന്റെ അടുത്തേക്ക് വരുന്നു. ഉടന്‍ തന്നെ മൂങ്ങ വാത്സല്യത്തോടെ മറ്റേയാളെ സമീപിച്ച് ചുംബിക്കാന്‍ തുടങ്ങി. ഈ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നിരവധി ലഭിച്ചതായാണ് വിവരം.
നെറ്റിസണ്‍സ് നിരവധി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. "കൊള്ളാം! ഇത് മനോഹരവും ശക്തവുമാണ്. സ്നേഹം വളരെ സ്വാഭാവികമാണ്' എന്നാണൊരാള്‍ കുറിച്ചത്.