കൈക്കരുത്തില്‍ വൈശാഖ്
സീമ മോഹന്‍ലാല്‍
Wednesday, August 28, 2024 12:27 PM IST
കൈക്കരുത്തില്‍ സ്വര്‍ണനേട്ടത്തിനായി എസ്സിപിഒ കെ.എസ്. വൈശാഖ് അടുത്തയാഴ്ച ലക്നോവിലേക്ക് തിരിക്കും. സെപ്റ്റംബര്‍ ഒമ്പതുമുതല്‍ 13 വരെ നടക്കുന്ന 73-ാമത് ഓള് ഇന്ത്യ പോലീസ് ആം റെസ്റ്റ്ലിംഗ് ക്ലസ്റ്റര്‍ 2024-25 മത്സരത്തില്‍ കേരള പോലീസിനെ പ്രതിനിധികരിച്ച് വിജയം നേടാനുള്ള യാത്രയാണിത്. എറണാകുളം കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് കെ.എസ്. വൈശാഖ്
ഗുരുവായത് ചെറിയച്ഛന്
രണ്ടുവര്‍ഷം മുമ്പ് വൈശാഖിന് പഞ്ച പിടിക്കുന്നവിധം കാണിച്ചു കൊടുത്തത് പഞ്ചഗുസ്തിയില്‍ ലോക ചാമ്പ്യനായ ചെറിയച്ഛന് കരുമാനൂര്‍ മുകേഷായിരുന്നു. ആദ്യം അല്പം പ്രയാസം തോന്നിയെങ്കിലും അതില്‍നിന്ന് പിന്മാറാന് വൈശാഖ് തയാറല്ലായിരുന്നു. ആ കൈക്കരുത്തില്‍ വൈശാഖിനെ തേടിയെത്തിയത് സുവര്‍ണ നേട്ടമായിരുന്നു.
തിരുവനന്തപുരത്ത് നടന്ന കേരള പോലീസ് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വൈശാഖ് രണ്ടാം തവണയും സ്വര്‍ണ മെഡല്‍ നേടുകയുണ്ടായി. ആ മെഡലിന്റെ ആത്മവിശ്വാസത്തിലാണ് ദേശീയ പോലീസ് മീറ്റില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ വൈശാഖ് ലക്നോവില്‍ കേരള പോലീസിനെ പ്രതിനിധീകരിക്കുന്നത്.
മെഡല്‍ നേട്ടം
2022 ല്‍ കേരള പോലീസ് മീറ്റില്‍ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്തെങ്കിലും മെഡല്‍ കിട്ടിയില്ല. 2023ല്‍ ഹരിയാനയില്‍ നടന്ന നാഷണല്‍ പോലീസ് മീറ്റില്‍ (60 കിലോ വിഭാഗം) വെങ്കല മെഡല്‍ നേടി. ഇന്ത്യന്‍ മാസ്റ്റേഴ്സ് അസോസിയേഷന് ഗോവയില്‍ സംഘടിപ്പിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ 35 വയസിനു മുകളില്‍ 60 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി.
തായ്പിനില് നടക്കാനിരുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ വൈശാഖിന് സെലക്ഷന് കിട്ടിയിരുന്നു. പക്ഷേ പങ്കെടുക്കാനായില്ല. ജോലിത്തിരക്കുകള്‍ക്കിടയിലും ദിവസവും രണ്ടു മണിക്കൂര്‍ വൈശാഖ് പരിശീലനത്തിനായി മാറ്റിവയ്ക്കും. കോടനാട് എക്സ്പോ ജിമ്മിലാണ് പരിശീലനം. അതോടൊപ്പം പഞ്ചഗുസ്തിയിലെ ഗുരുവായ ഇളയച്ഛന് മുകേഷിന്റെ ഉപദേശവുമുണ്ട്.
കഴിഞ്ഞ 14 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമായ വൈശാഖ് എട്ട് വര്‍ഷം കമാന്‍ഡോ വിംഗിലാണ് പ്രവര്‍ത്തിച്ചത്. എന്‍എസ്ജി കമാന്‍ഡോ, പിഎസ്ഒ, പദ്മനാഭ സ്വാമി ക്ഷേത്രം, ശബരിമല ക്ഷേത്രം, രാഷ്ട്രപതി , ഉപരാഷ്ട്രപതി, മറ്റു കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടി, ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടി എന്നിവ ചെയ്തിരുന്നു. സ്വര്‍ണ മെഡല്‍ നേടിയ വൈശാഖിനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന അഭിനന്ദിച്ചു.
എറണാകുളം പളളുരുത്തി സ്വദേശിയായ ഇദ്ദേഹം നിലവില്‍ കോതമംഗലത്താണ് താമസിക്കുന്നത്. ഭാര്യ കെ.കെ. രമ്യ ഇടുക്കി ദേവിയാര്‍ കോളനി സ്കൂളില്‍ അധ്യാപികയാണ്. ദക്ഷിണും ധീരവുമാണ് മക്കള്‍.