പേരില്‍ ഇരുപത്തെട്ട് അക്ഷരങ്ങളുള്ള റെയില്‍വേ സ്റ്റേഷന്; എന്നാല്‍ ഒന്നാമനല്ല
Saturday, August 24, 2024 12:52 PM IST
പേരുകള്‍ കൗതുകകരമായ ഒന്ന് തന്നെയാണ്. അതിപ്പോള്‍ മനുഷ്യരുടെ ആയാലും ഇടങ്ങളുടേത് ആയാലും. പല ഇടങ്ങള്‍ക്കും ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ടോ ഭൂപ്രകൃതി നിമിത്തമൊ ഒക്കെയാകാം പേരുകള്‍ വരിക.
വിവിധയിടങ്ങളുടെ പേരുകള്‍ നമ്മുടെ കണ്ണിന് മുന്നില്‍ എത്തിക്കുന്ന ഒന്നാണല്ലൊ തീവണ്ടിയാത്ര. പല റെയില്‍വേ സ്റ്റേഷന്റെ പേരുകളും വല്ലാത്ത കൗതുകമാകും നമുക്ക് നല്‍കുക. എന്നാല്‍ ആന്ധ്രാപ്രദേശ്-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു റെയില്‍വേ സ്റ്റേഷന് പേരിലെ കൗതുകം നിമിത്തമല്ല പേരിന്റെ വലിപ്പം നിമിത്തമാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്.
ദക്ഷിണ റെയില്‍വേയുടെ റെനിഗുണ്ട-ആറക്കോണം സെക്ഷനിലുള്ള ഈ സ്റ്റേഷന്റെ പേരിന് ഇംഗ്ലീഷില്‍ 28 അക്ഷരങ്ങളുണ്ടത്രെ. സ്റ്റേഷന്റെ പേര് വെങ്കിട്ടനരസിംഹരാജുവരിപേട്ട എന്നാണ്. ഇന്ത്യന്‍ റെയില്‍വേയിലെ എല്ലാ സ്റ്റേഷനുകളിലും ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പേരാണത്രെ.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് ഇക്കാര്യത്തില്‍ രാജ്യത്ത് ഒന്നാമന്. കഴിഞ്ഞയിടെ സ്റ്റേഷന്റെ പേര് പുരട്ച്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് എന്നാക്കിയിരുന്നു. 57 അക്ഷരങ്ങളാണ് ഈ സ്റ്റേഷന്റെ പേരിനുള്ളത്.
വെയില്‍സിലെ Llanfairpwllgwyngyllgogerychwyrndrobwlllantysiliogogogoch ആണ് ലോകത്തിലെ ഏറ്റവും വലിയ പേരുകാരന് സ്റ്റേഷന്; 58 അക്ഷരങ്ങളാണ് ഈ സ്റ്റേഷനുള്ളത്.