യൂട്യൂബില്‍ "യുആര്‍' കൊടുങ്കാറ്റ്; ഒറ്റദിവസം കൊണ്ട് "സ്യൂബ്സ്ക്രൈബ്' ബട്ടണുകള്‍ തകര്‍ത്ത് സിആര്‍7
Thursday, August 22, 2024 4:09 PM IST
യൂട്യൂബ് ഒരു ഫുട്ബോള്‍ മൈതാനമാണെങ്കില്‍ ഇന്നാ കളംനിറഞ്ഞത് ഒരൊറ്റ പ്ലേയറായിരുന്നു; അയാളുടെ പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കാല്പന്തുകളിയിലെ രാജാവ് താനിപ്പോഴും ആളുകള്‍ക്ക് എത്ര പ്രിയപ്പെട്ടവനെന്ന് ഒരൊറ്റദിവസത്തില് എതിരാളികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
സംഭവം എന്തെന്നാല്‍ സിആര്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ കഴിഞ്ഞദിവസം തുടങ്ങി. "യുആര്‍ ക്രിസ്റ്റ്യാനോ' എന്നായിരുന്നു ചാനലിന്റെ പേര്. "കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവില്‍ എന്റെ യുട്യൂബ് ചാനല്‍ ഇതാ എത്തിയിരിക്കുന്നു. ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ' റൊണാള്‍ഡോ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചു.
ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ എന്നതിനു പകരം തന്റെ പ്രശസ്തമായ ഗോളാഘോഷവുമായി ചേര്‍ത്ത് "സ്യൂബ്സ്ക്രൈബ്' എന്നാണ് താരം കുറിച്ചത്. അത് സൈബര്‍ ലോകത്തെ ഇളക്കി മറിച്ചു. 90 മിനിറ്റിനുള്ളില്‍ 10 ലക്ഷം സബ്സ്ക്രൈബേഴ്സാണുണ്ടായത്.
അവിടംകൊണ്ടൊന്നും തീര്‍ന്നില്ല; ഒറ്റദിവസം തികയും മുന്‍പ് ഒരു കോടിയാളുകളാണ് അദ്ദേഹത്തിന് പിന്നാലെ എത്തിയിരിക്കുന്നത്. ഇത് യൂട്യൂബിന്റെ ചരിത്രത്തിലെ റിക്കാര്‍ഡാണ്. ഗോള്‍ ഡോട്ട് കോം പ്രകാരം ക്രിപ്റ്റോ ഗെയിമിംഗ് പ്ലാറ്റ്ഫോമായ ഹാംസ്റ്റര്‍ കോംബാറ്റിനായിരുന്നു ഏറ്റവും വേഗം ഒരുകോടി സബ്സ്ക്രൈബേഴ്സ് ഉണ്ടായത്. എന്നാലത് ഏഴുദിവസം കൊണ്ടായിരുന്നു. പക്ഷെ പോര്‍ച്യുഗലിന്റെ ഇതിഹാസം ഒരുദിനത്തിനുള്ളില് ഈ നേട്ടം കൈവരിച്ചു.
നിലവില്‍ 20 മണിക്കൂറില്‍ 11 മില്ല്യണ്‍ ആളുകളാണ് അദ്ദേഹത്തിനുള്ളത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും യുട്യൂബ് ചാനലുണ്ട്. 2006-ലാണ് മെസി ചാനല്‍ ആരംഭിച്ചത്. നിലവില്‍ 2.33 മില്ല്യണ്‍ സബ്സ്ക്രൈബേഴ്സാണ് മെസിക്കുള്ളത്.
നേരത്തെ എക്സും ഇന്സ്റ്റയുമൊക്കെ ക്രിസ്റ്റ്യാനോയുടെ വരവറിഞ്ഞിരുന്നു. നിലവില്‍ എക്സ് പ്ലാറ്റ്ഫോമില്‍ 11.25 കോടിയും ഫെയ്സ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6 കോടിയും ആളുകളാണ് അദ്ദേഹത്തെ പിന്തുടരുന്നത്.
എന്തായാലും സമീപകാലം ലോകത്തിന്റെ കണ്ണും കാതും "യുആര്‍' ല്‍ ആയിരിക്കുമെന്ന് നിസംശയം പറയാം.
https://www.youtube.com/@cristiano