ഉള്ളുലയ്ക്കുന്ന കാല്പാടുകള്; തകര്‍ക്കപ്പെട്ട ഇടങ്ങളില്‍ അനീഷ് മകനെ തിരയുകയാണ്
Thursday, August 15, 2024 3:20 PM IST
നാടിനെ ആകെ നൊമ്പരപ്പെടുത്തിയ ഒന്നാണല്ലോ വയനാട്ടില്‍ സംഭവിച്ചത്. ജൂലൈ 30ന്റെ ഒറ്റ രാത്രിയില്‍ ചൂരല്‍ മലയും മുണ്ടക്കൈയും പ്രകൃതി തകര്ത്തുകളഞ്ഞപ്പോള് ഒരുപാടുപേരും തകര്‍ന്നുപോയി. ഇരുട്ടിലും ജലത്തിലും പകച്ചുപോയ മനുഷ്യര്‍ക്ക് പിന്നീടാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒലിച്ചുപോയ സത്യം തിരിച്ചറിയാനായത്.
വയനാട് ദുരന്തത്തില്‍ 400ല്‍ പരം ആളുകള്‍ മരിച്ചെന്നാണ് വിവരം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തി. എന്നാല്‍, പലര്‍ക്കും ഇപ്പോഴും ഈ ദുരന്തം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
അക്കൂട്ടത്തലുള്ള ഒരാളാണ് ചൂരല്‍ മലയിലെ അനീഷ്. അമ്മയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുബം. മഴ തിമിര്‍ത്തുപെയ്ത ആ രാത്രിയില്‍ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. അനീഷും കുടുംബവും ഒലിച്ചുപോയി.
തങ്ങള്‍ നദിയിലെത്തിയെന്നാണ് ആദ്യം അനീഷ് ഓര്‍ത്തത്. വെളുപ്പിനാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. ദുരന്തം അനീഷിനെയും ഭാര്യയേയും മാത്രമാണ് ബാക്കിയാക്കിയത്.
രണ്ട് മക്കളുടെ മൃതദേഹം അനീഷിന് ഏറ്റുവാങ്ങേണ്ടി വന്നു. മൂത്തമകനേയും അമ്മയേയും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മകന് എവിടെയോ നിന്ന് തന്നെ വിളിക്കുന്നു എന്ന തോന്നലാണ് ഇപ്പോഴുമെന്ന് അനീഷ് പറയുന്നു. പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍ നിന്നും കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. ഭാര്യയുടെ ചോദ്യങ്ങള്‍ക്ക് എന്തുത്തരം പറയണമെന്നറിയില്ലെന്ന് അനീഷ് പറയുന്നു.
ദുരന്തഭൂമിയില്‍ 16 ദിവസങ്ങള്‍ക്കിപ്പുറം അനീഷ് എത്തിയിരുന്നു. വീട് ഇരുന്നിടത്ത് തറ മാത്രമാണ് അദ്ദേഹത്തെ കാത്തിരുന്നത്. ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ വേദനയായി നില്ക്കുന്നു.
തിരികെ നടക്കുമ്പോഴും മകന് എവിടെ നിന്നോ വിളിക്കുന്നു എന്ന തോന്നല്‍ മാത്രം ബാക്കി...