"പ്യാരീസ് ഒളിംപിക്സ്'; കായിക പ്രേമികള്‍ക്കിടയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ഥന കാണാം
Thursday, August 8, 2024 3:31 PM IST
പ്രണയവും വിവാഹാഭ്യര്ഥനയുമൊക്കെ സമൂഹ മാധ്യമങ്ങള്‍ വലിയ രീതിയില്‍ കൊണ്ടാടാറുണ്ടല്ലൊ. വിദേശരാജ്യങ്ങളില്‍ പലപ്പോഴും അപ്രതീക്ഷിതമായിട്ടാകും കാമുകനൊ കാമുകിയൊ മറ്റെയാളെ പ്രൊപ്പോസ് ചെയ്യുക. ആ നിമിഷം ചുറ്റുമുള്ളവരും അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്.
എന്നാല്‍ ഒളിംപിക്സ് ഒരു പ്രണയവേദിയാകുമെന്ന് ആരും തന്നെ നിനച്ചിരിക്കില്ല. അത്തരമൊരു സംഭവം കഴിഞ്ഞദിവസം പാരീസില്‍ നടക്കുകയുണ്ടായി. ഫ്രഞ്ച് വനിതാ അത്ലറ്റായ ആലിസ് ഫിനോട്ട് ആണ് കഥാനായിക. സ്പെയിനില്‍നിന്നുള്ള ട്രയാത്ത്ലറ്റായ ബ്രൂണോ മാര്‍ട്ടിനസാണ് നായകന്.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് പൂര്ത്തുകരിച്ചയുടന് ആലിസ് സ്റ്റാന്‍ഡ്സിലേക്ക് നടക്കുകയും കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ സാക്ഷിയായ മുഹൂര്‍ത്തത്തില്‍ ബ്രൂണോ അതിസന്തോഷവാനായി താരത്തിന്റെ അഭ്യര്‍ഥന കെെക്കൊള്ളുന്നു. ആ നിമിഷം ആളുകള്‍ കരഘോഷം മുഴക്കുന്നു. ശേഷം ആലിസും ബ്രൂണോയും ആലിംഗനം ചെയ്ത് തങ്ങളുടെ സ്നേഹം പ്രകടമാക്കുന്നു.
ബ്രൂണോ മാര്‍ട്ടിനസും ഫിനോട്ടും ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ആലിസ് നേരത്തെ മനസിലുറപ്പിച്ചിരുന്നത്രെ. ഒന്‍പത് എന്നത് ഫിനോട്ടിന്റെ ഭാഗ്യ നമ്പറാണത്രെ.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് മത്സരത്തില്‍ നാലാമതായിട്ടാണ് ആലിസ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഈയിനത്തിലെ യൂറോപ്യന്‍ റിക്കാര്‍ഡ് തകര്‍ക്കാന്‍ അവര്‍ക്കായി. മാത്രമല്ല ജീവിതപങ്കാളിയെ ഒളിംപിക്സില്ക്കൂടി നേടിയെടുക്കുകയും ചെയ്തു ഈ 32 കാരി...