പ്രകൃതിയുടെ ഫ്രെയിമില്‍ മഴ നനഞ്ഞെത്തുന്ന രണ്ടുപേര്‍; ഹൃദയം കവരുമ്പോള്‍
Tuesday, August 6, 2024 12:57 PM IST
ചില ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ നമ്മെ വല്ലാതെ വൈകാരികമായി സഞ്ചരിപ്പിക്കും. മിക്കപ്പോഴും അപ്രതീക്ഷിതമായി ആരെങ്കിലും പകര്ത്തിയവയാകാം അത്തരത്തില്‍ നമ്മുടെ മനസിനെ കീഴടക്കുക. അതില്‍ പലപ്പോഴും പ്രകൃതിദൃശ്യങ്ങള്‍ ചാരുത നല്‍കുകയും ചെയ്യും.
അത്തരത്തിലുള്ള ഒരു കാഴ്ചയിപ്പോള്‍ എക്സ് പ്ലാറ്റ്ഫോമില്‍ തരംഗമാവുകയാണ്. ഇളം കോടമഞ്ഞും നേരിയ ചാറ്റല്‍ മഴയുമുള്ള ഒരു മലയുടെ അടിവാരത്തിലൂടെ ഒരു ആനയുടെ കൊമ്പില്‍ പിടിച്ച് കുടയും ചൂടി വരുന്ന ഒരു പാപ്പാന്റെ ദൃശ്യമാണത്.
തമിഴ്നാട്ടിലെ ആനമലൈ ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള ഈ വീഡിയോ സുപ്രിയ സാഹു ഐഎഎസ് ആണ് നെറ്റിസണ്സിനായി പങ്കുവച്ചത്. "കോഴിക്കാമുടി ആന ക്യാമ്പില്‍ മഴക്കാലത്ത് ഒരു പാപ്പാനും ആനയും തമ്മിലുള്ള മാന്ത്രിക നിമിഷങ്ങള്‍' എന്ന കുറിപ്പോടെയായിരുന്നു സുപ്രിയ വീഡിയോ പങ്കുവച്ചത്.
വന്യജീവി ഫോട്ടോഗ്രാഫര്‍ ധനു പരണാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിഹൃദ്യമായ കാഴ്ചയില്‍ ഹരിതാഭമായ പ്രകൃതിയും തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. ആ മഴയില്‍ ആ മനുഷ്യനും ആനയും ഒന്നുചേര്‍ന്നു വരുന്നത് നമ്മുടെ മനസിലേയ്ക്കാണ്. കാരണം ഈ കാഴ്ച കണ്ടവരൊക്കെ അതില്‍ ലയിച്ചിട്ടുണ്ട്.
29 നിമിഷങ്ങളുള്ള കാഴ്ചയില്‍ നിരവധി അഭിപ്രായങ്ങള്‍ ഉണ്ടായി. "ആനകളെ സ്നേഹിച്ചാല്‍ അവ ആയിരം മടങ്ങ് തിരിച്ചു നല്‍കും; എല്ലാ മൃഗങ്ങളും അങ്ങനെയാണ്' എന്നാണൊരാള്‍ കുറിച്ചത്.