മുംബൈയിലെ "ദി സ്റ്റാറി നൈറ്റ് ആർട്ടോറിക്ഷ'
Saturday, July 27, 2024 11:27 AM IST
നമ്മുടെയൊക്കെ വാഹനങ്ങളില്‍ ചെറുതും വലുതുമായ ചിത്രങ്ങളും അലങ്കാരങ്ങളും കാണാന്‍ കഴിയുമല്ലൊ. അത്തരത്തില്‍ രസകരമായ എഴുത്തുകളും കാണാം. എന്നാലും ഇവയില്‍ ചില എഴുത്തുകളും ചിത്രങ്ങളും ആളുകളുടെ ശ്രദ്ധ ഒന്നുകൂടി കവരും.
അത്തരമൊരു ഓട്ടോറിക്ഷായുടെ കാര്യമാണിത്. ഈ ഓട്ടോ അങ്ങ് മഹാരാഷ്ട്രയിലാണുള്ളത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ റോഡുകളില്‍ പാഞ്ഞുനടക്കുന്ന ഈ ഓട്ടോയിലെ പെയിന്റിംഗ് കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യാത്മക രൂപമാണ്.
വാഹനത്തിന് സാധാരണ കാളി-പീലി ലുക്ക് ഒഴിവാക്കി പകരം വിഖ്യാതചിത്രകാരന്‍ വാന്‍ ഗോഗിന്റെ "ദി സ്റ്റാറി നൈറ്റ്' ചിത്രത്തിന് സമാനമായ പെയിന്റിംഗ് നല്കി.
19-ാം നൂറ്റാണ്ടിലെ ഒരു ഡച്ച് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്നു വിന്‍സെന്റ് വാന്‍ ഗോഗ്. ആധുനിക കലയിലെ ആവിഷ്കാരവാദത്തെ ശക്തമായി സ്വാധീനിച്ച ചിത്രകാരനാണദ്ദേഹം. പൊതുവെ റെംബ്രാന്റ് വാന്‍ റിജിന്‍ ശേഷം ഏറ്റവും മികച്ച ഒരാളുമായി കണക്കാക്കപ്പെടുന്നു.
വാന്‍ ഗോഗിന്റെ മരണശേഷം, പ്രത്യേകിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ലോകമെമ്പാടുമുള്ള ലേലങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ റിക്കാര്‍ഡ് തുകയ്ക്ക് വില്‍ക്കുകയും ബ്ലോക്ക്ബസ്റ്റര്‍ ടൂറിംഗ് എക്സിബിഷനുകളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍, വാന്‍ ഗോഗിന്റെ കല അമ്പരപ്പിക്കും വിധം ജനപ്രിയമായി
1889 ജൂണില്‍ അദ്ദേഹം വരച്ച ഓയില്‍-ഓണ്‍-കാന്‍വാസ് പെയിന്റിംഗാണ് സ്റ്റാറി നൈറ്റ്. സൂര്യോദയത്തിന് തൊട്ടുമുമ്പ്, ഒരു സാങ്കല്‍പ്പിക ഗ്രാമമുള്ള ഇത് ഏറെ പ്രശസ്തമാണ്.
"അന്ധേരി വെസ്റ്റ് ഷിറ്റ് പോസ്റ്റിംഗ്' എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. സാധാരണ ഓട്ടോ റിക്ഷകളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന വാന്‍ ഗോഗ് തീമിലുള്ള ഓട്ടോ റിക്ഷയോട് നെറ്റിസണ്‍സ് അത്ഭുതം പ്രകടിപ്പിച്ചു. നിരവധി കമന്റുകള്‍ ചിത്രത്തില്‍ എത്തുകയുണ്ടായി. "ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച റിക്ഷ' എന്നാണൊരാള്‍ കുറിച്ചത്.