എട്ട് സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി ലോകറിക്കാർഡിലേക്ക് രണ്ടര വയസുകാരൻ
Friday, July 26, 2024 10:27 AM IST
എട്ടു സെക്കൻഡിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി ലോക റെക്കാർഡ് നേടിയ രണ്ടര വയസുകാരന് അഭിനന്ദന പ്രവാഹം. ചെമ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ ജുനൈദ് മൻസിലിൽ ജുനൈദ് മുഹമ്മദിന്റെയും സുഫ്ന സുൽത്താനയുടെയും മകൻ ഇസിയാൻ മുഹമ്മദാണ് റെക്കാർഡുകളുടെ പെരുമഴയിൽ നാടിന്റെ പൊന്നോമനയായി മാറിയത്.
അമ്മ സുഫ്ന കുഞ്ഞിനെ ഉറക്കുന്നതിനായി പാടുന്ന പാട്ടുകളും വീട്ടിലെ പ്രാർഥനകളും ഇസിയാൻ തെറ്റുകൂടാതെ ഓർത്ത് പാടുന്നത് കണ്ടാണ് ഇസിയാനെ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിച്ചത്. അടുത്ത ദിവസങ്ങളിൽ ഇസിയാൻ അക്ഷരമാല സെക്കൻഡുകൾക്കകം ചൊല്ലിക്കേട്ടതിനെത്തുടർന്നാണ് ഇംഗ്ലീഷ് അക്ഷരമാല ചൊല്ലുന്നതിന്റെ വീഡിയോ വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സ് അധികൃതർക്ക് അയച്ചുകൊടുത്തത്.
രണ്ടുവയസിനും മൂന്നുവയസിനുമിടയിലുള്ള ഒരു കുട്ടി ഇംഗ്ലീഷ് അക്ഷരമാല ഏറ്റവും വേഗത്തിൽ ചൊല്ലിയത് പരിഗണിച്ചാണ് ലോക റിക്കാർഡിൽ ഇടംപിടിച്ചത്. പിന്നീട് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും ഇസിയാൻ മുഹമ്മദ് ഇടംപിടിച്ചു.
ഇംഗ്ലീഷ്, മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലെ നഴ്സറിപാട്ടുകളും മാപ്പിളപ്പാട്ടും ഈണത്തിൽ പാടുന്ന ഈ കൊച്ചുമിടുക്കൻ നിരവധി മൃഗങ്ങളുടെയും പഴം പച്ചക്കറികളുടെയും പേരുകളും പറയും.
ലോകറിക്കാർഡ് ലഭിച്ചതോടെ നാടിന്റെ അഭിമാനമായ ഈ കൊച്ചുമിടുക്കനെ പഞ്ചായത്ത് അധികൃതരും ലൈബ്രറിയും വിവിധ സംഘടനകളും സമ്മാനം നൽകി അനുമോദിച്ചു.
തേവര ഹെവൻലി വേൾഡ് ടൂർസിലെ മാനേജരായ പിതാവ് ജുനൈദ് മുഹമ്മദും മാതാവ് സുഫ്ന സുൽത്താനയും മകന്റെ കഴിവുകളെ വികസിപ്പിക്കാനായി സ്നേഹവായ്പോടെ ഒപ്പമുണ്ട്.