ന്യൂമാഹിയിൽ പാസ്പോർട്ട് അപേക്ഷകന് "ലയണൽ മെസി' യുടെ ഫോൺകോൾ
നവാസ് മേത്തർ
Thursday, July 25, 2024 12:32 PM IST
പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവാഹം. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് "മെസിയും പാസ്പോർട്ടും' എന്ന രസകരമായ സംഭവങ്ങൾ അരങ്ങേറിയത്.
പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വേരിഫിക്കേഷൻ നടക്കാത്തത് അപേക്ഷകനെ അങ്കലാപ്പിലാക്കി. പാസ്പോർട്ട് എസ്പി ഓഫീസിൽ പെൻഡിംഗിലാണെന്നാണ് ഓൺലൈനിൽ കാണിക്കുന്നത്.
അങ്കലാപ്പിലായ അപേക്ഷകൻ സ്പെഷൽ ബ്രാഞ്ച് എസിപി കെ.വി. പ്രമോദ് ഉൾപ്പെടെയുള്ള പല പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ച് ആവലാതി അറിയിച്ചു. ഇതിനിടയിൽ അപേക്ഷകന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. "ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്.
നിങ്ങൾ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടില്ലേ? എത്ര ദിവസമായി നിങ്ങളെ വിളിക്കുന്നു. എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്... ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം'.
തുടർന്നുള്ള ആശയ വിനിമയത്തിലാണ് ലയണൽ മെസി കടന്നു വരുന്നത്.
അപേക്ഷന്റെ ഫോണിലേക്ക് ദിവസങ്ങളായിട്ട് ഒരു കോൾ എത്തുന്നുണ്ട്. ട്രൂ കോളറിൽ ലയണൽ മെസി എന്നാണ് കാണിക്കുന്നത്. മറഡോണയുടെ പിൻഗാമിയായ മെസിയുമായി തനിക്ക് ഒരു ബന്ധവുമില്ല. പിന്നെന്തിന് മെസിയുടെ കോൾ താൻ അറ്റൻഡ് ചെയ്യണം. മാത്രവുമല്ല ഫോൺ എടുത്താൻ തന്നെ മെസിയോട് എങ്ങനെ സംവദിക്കും. എന്തിനായിരിക്കും മെസി തന്നെ വിളിക്കുന്നത്... അപേക്ഷകന്റെ മനസിലെ ചിന്തകൾ ഇങ്ങനെ പോയി.
മാത്രവുമല്ല പ്രശസ്തരുടെ പേരിൽ പല സാമ്പത്തിക തട്ടിപ്പുകളും നടക്കുന്ന കാലവുമാണിത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ മെസിയുടെ കോൾ എടുക്കേണ്ടെന്ന് അപേക്ഷകൻ ഉറപ്പിച്ചു.
പാസ്പോർട്ട് വേരിഫിക്കേഷൻ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ തേടിക്കൊണ്ടുള്ള ഫോൺ കോളായിരുന്നു മെസിയുടെ പേരിൽ എത്തിയിരുന്നത്. ട്രൂ കോളറിൽ മെസി എന്ന പേരിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേര് സേവ് ചെയ്തിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്.
‘പല തവണ വിളിച്ചിട്ടും അപേക്ഷകൻ ഫോൺ എടുക്കാത്തതിനെ തുടർന്ന് ഗതികെട്ട പോലീസ് ഉദ്യാഗസ്ഥൻ തന്റെ രണ്ടാമത്തെ നമ്പറിൽ നിന്നും ഒടുവിൽ വിളിക്കുകയായിരുന്നു. രണ്ടാമത്തെ നമ്പറിൽ നിന്നുള്ള കോളിൽ ആദ്യത്തെ റിംഗിൽ തന്നെ അപേക്ഷകൻ കോൾ അറ്റൻഡ് ചെയ്തു. വിവരങ്ങൾ കൈമാറി. രണ്ട് ദിവസം കൊണ്ട് അപേക്ഷകന് പാസ്പോർട്ട് കൈയിലുമെത്തി. അങ്ങനെ ‘മെസിയും പാസ്പോർട്ടും’ എന്ന വിഷയം അവസാനിച്ചു.