കാറിലെ അഭ്യാസം കലങ്ങിയില്ല; "ചിലന്തി മനിതന്' പോലീസ് വലയില്‍
Thursday, July 25, 2024 11:16 AM IST
ഫാന്റസി ചലച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയതാരമാണല്ലൊ സ്പൈഡര്മാന്. കെയില്‍ നിന്നും വലയെറിഞ്ഞ് അതിവേഗം പാഞ്ഞുപോയി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇദ്ദേഹത്തിന് നിരവധി കുട്ടി ആരാധകരും ഉണ്ട്.
എന്നാല്‍ ഇതൊക്കെ കാര്‍ട്ടൂണിലും സിനിമയിലും മാത്രം കാണേണ്ട കാര്യങ്ങള്‍ എന്നത് പലരുമങ്ങ് മറക്കും. ശേഷം സ്വന്തമായി സ്പൈഡര്‍മാനായി മാറും. എന്നാലത് റോഡ് മുറിച്ചു കടത്താനൊ കുട്ടികളുടെ കരച്ചില് മാറ്റാനൊ ഒക്കെ ആണെങ്കില്‍ നന്ന്. പകരം ശല്യമായിട്ടാണെങ്കില് എന്താകും സ്ഥിതി.
അത്തരമൊരു സംഭവം കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ ഉണ്ടായി. ദ്വാരക പ്രദേശത്ത് "സ്പൈഡര്മാന്' വേഷം ധരിച്ച് ഒരു യുവാവ് കാറിന്റെ ബോണറ്റില്‍ ഇരുന്നു യാത്ര ചെയ്യുകയുണ്ടായി. നജഫ്ഗഡ് സ്വദേശി ആദിത്യ (20) ആണ് ഈ സ്പൈഡര്മാന്. ഇയാള്‍ക്ക് സാരഥിയായി എന്‍ക്ലേവില്‍ താമസിക്കുന്ന ഗൗരവ് സിംഗ് (19) ഉണ്ടായിരുന്നു.
ഇവരുടെ പ്രകടനം ഡല്‍ഹി പോലീസിന്റെ മുന്നിലെത്തിയതോടെ പണിപാളി. അവര്‍ അപകടകരമായ ഡ്രൈവിംഗ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിച്ചതിന്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് എന്നിത്യാദി കാരണങ്ങളൊക്കെ ചേര്‍ത്തൊരു പിഴ അങ്ങ് സമ്മാനിച്ചു. 26,000 രൂപയായിരുന്നത്.
റോഡുകളിലെ ഇത്തരം അശ്രദ്ധമായ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും റോഡ് ഉപയോഗിക്കുന്നവരുടെ ജീവന് സംരക്ഷിക്കാനും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും തങ്ങള്‍ പ്രതിജ്ഞാ ബന്ധരാണെന്ന് പോലീസ് പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ദ്വാരകയിലെ തെരുവുകളില്‍ സ്പൈഡര്‍മാനും സ്പൈഡര്‍ വുമണുമായി വേഷമിട്ട് മോട്ടോര്‍സൈക്കിളില്‍ സ്റ്റണ്ട് നടത്തിയതിന് ആദിത്യനും കൂട്ടുകാരിയും പിടിയിലായിരുന്നത്രെ. എന്തായാലും ഇത്തവണ സ്പൈഡര്‍മാന്റെ ബജറ്റ് കൂടി എന്നാണ് ചിലര്‍ കമന്റായി കുറിച്ചത്.