റോമൻ പടയാളികളുടെ പടച്ചട്ട പുനഃസൃഷ്ടിച്ചു
Monday, July 22, 2024 12:10 PM IST
ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനർനിർമിച്ച് തുർക്കിയിലെ പുരാവസ്തുഗവേഷകർ. 2020ൽ വടക്കുകിഴക്കൻ തുർക്കിയിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളിൽനിന്നാണ് ലോഹ ശൽക്കങ്ങൾ തുന്നിച്ചേർത്ത പടച്ചട്ട ഗവേഷകർ പുനഃസൃഷ്ടിച്ചത്.
പടച്ചട്ടയുടെ അവശിഷ്ടങ്ങൾ മണ്ണിൽ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. അവിടത്തെ മണ്ണുസഹിതം ലബോറട്ടറിയിൽ എത്തിച്ച്, എക്സ്-റേ, ടോമോഗ്രാഫി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. അതുവഴി വീണ്ടെടുത്ത പടച്ചട്ടയിൽ ലോഹ ശൽക്കങ്ങൾ കൂടി ചേർത്തു.
നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ പടയാളികളുടെ പടച്ചട്ട ഈവിധം പുനർനിർമിക്കാൻ മൂന്നു വർഷത്തോളം വേണ്ടിവന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
വടക്കുകിഴക്കൻ തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയിൽ വർഷങ്ങളായി ഗവേഷണ-ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കൾ റോമൻ സൈനികമേഖലയിലേക്കു വെളിച്ചംവീശുന്നവയാണെന്നു ഗവേഷകർ പറയുന്നു.