ഇജ്ജാതി ക്രിയേറ്റിവിറ്റി; ട്രംപിന് നേരേയുണ്ടായ വധശ്രമം ഉഗാണ്ടന്‍ കുട്ടികള്‍ പുനഃസൃഷ്ടിച്ചപ്പോള്‍
Friday, July 19, 2024 11:43 AM IST
അടുത്തിടെ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നല്ലൊ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നേരേയുണ്ടായ വെടിവയ്പ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒരു യുവാവ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുണ്ട അദ്ദേഹത്തിന്റെ ചെവിയില്‍ തട്ടിപ്പോവുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടു.
എന്നാല്‍ ലോകമിപ്പോള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ചിരിക്കുകയാണ്. അതിനു കാരണം ഉഗാണ്ടയില്‍ നിന്നുള്ള ഒരുകൂട്ടം കുട്ടികളാണ്. അവര്‍ ട്രംപിന് നേരേയുണ്ടായ വധശ്രമത്തെ പുനഃസൃഷ്ടിച്ചു.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടി ട്രംപായി നിന്ന് പ്രസംഗിക്കുന്നു. ഉടനടി വെടിയുതിര്‍ത്ത ശബ്ദം കേള്‍ക്കാം. കുട്ടി ചെവിപൊത്തി ഇരിക്കുന്നു. കേള്വിക്കാരായിട്ടുള്ള കുട്ടികളും ഇരിക്കുകയാണ്. ഏറ്റവും രസകരമായ കാര്യം ട്രംപിന്റെ അംഗരക്ഷകരായ കുട്ടികള്‍ ആളെ ഏറെ സുരക്ഷിതമായി മാറ്റുന്ന രംഗമാണ്.
പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നടന്ന യഥാര്‍ഥ സംഭവത്തില്‍ നിന്നുള്ള യഥാര്‍ഥ ഓഡിയോ ഉപയോഗിച്ച വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടി.
വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "കഴിവിനെ വിലയിരുത്തേണ്ടത് പണത്തിന്റെയൊ നിറത്തിന്റെയൊ അളവുകോലില്‍ അല്ലെന്ന് ഈ കുട്ടികള്‍ പറയുന്നു' എന്നാണൊരാള്‍ കുറിച്ചത്. "ഒരു രക്ഷയുമില്ല ഉഗാണ്ടന്‍ ട്രംപും കൂട്ടാളികളും പൊളിയാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.