കാരവാന് വീടാക്കിയ യുവതി; വൈറല്‍
Thursday, July 18, 2024 5:33 PM IST
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണല്ലൊ. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും ആ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കാറില്ല. പലരും വാടക വീടുകളിലാണ് കഴിയാറ്.
ജോലി ചെയ്തു കിട്ടുന്നതില്‍ നിന്നും ഒരു തുക അത്തരത്തില്‍ പോകുന്നു. എന്നാല്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഒരു യുവതി സ്വല്പം മാറി ചിന്തിച്ചു. അവര്‍ കാരവാന് സ്വന്തം വീടാക്കി മാറ്റി. ന്യൂസിലാന്‍ഡ് സ്വദേശിനിയായ കാരേന് ആണ് ഈ താരം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കാരവാനില്‍ യാത്ര ചെയ്യുകയാണ് കാരേന്. വലിയ വാടക ഒഴിവാക്കാനാണ് ഇവര്‍ ഇത്തരത്തില്‍ തീരുമാനിച്ചത്. ഒരു ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ് അവര്‍. തനിക്ക് വീടുമായി ഇഷ്ടമുള്ളിടത്തേയ്ക്ക് പോകാന്‍ കഴിയുമെന്ന് കരേന്‍ പറയുന്നു. ഇങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞത്രെ.
21 അടി നീളമുള്ള കാരവാന് ആണ് കാരേനുള്ളത്. ഒരു സാധാരണ വീട്ടിലുള്ള മിക്ക കാര്യങ്ങളും ഈ കാരവാനലുണ്ട്. കാരവാന്റെ റൂഫില്‍ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. ജോലി കഴിഞ്ഞുള്ള സമയത്ത് കാരേന് യാത്ര ആരംഭിക്കും.
ആകെയുള്ള പ്രശ്നം കാരവാനിനായി പെട്രോള്‍ അടിക്കേണ്ടി വരുന്നു എന്നതാണ്. എന്നാല്‍ വീട്ട് വാടകയിലും കുറവാണിതെന്ന് കരേന്‍ പറയുന്നു.