തട്ടുകടക്കാരന്റെ "പെപ്സിച്ചായ' വൈറൽ
Tuesday, July 16, 2024 3:18 PM IST
അതിവിചിത്രമായ പാചക പരീക്ഷണങ്ങൾക്കിടയിൽ ഒരു സ്പെഷൽ ചായ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പേര് "പെപ്സിച്ചായ'. തെലങ്കാനയിലെ ഒരു തട്ടുകടയിലാണ് ഈ പുത്തൻ താരത്തിന്റെ പിറവി. പെപ്സിച്ചായ ഉണ്ടാക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചായ ഉണ്ടാക്കുന്ന പാത്രത്തിലേക്കു പാലും തേയിലയും പഞ്ചസാരയും ആദ്യം ചേർക്കുന്നു. തുടർന്നു കടക്കാരൻ അതിലേക്ക് ഒരു കുപ്പി പെപ്സി ഒഴിക്കുന്നു. എന്നിട്ട് നന്നായി ഇളക്കുന്നു. തുടർന്ന് "പാനീയം' ഗ്ലാസുകളിലേക്ക് ഒഴിക്കുന്നു.
രുചികരമായ ചായ ആണെന്നു കടക്കാരൻ അവകാശപ്പെടുന്നുണ്ടെങ്കിലും ന്യൂജൻ ചായയ്ക്കെതിരേ വന്പൻ ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്. ചായയുടെയും ശീതളപാനീയത്തിന്റെയും വിചിത്രമായ കോന്പിനേഷൻ ഭൂരിഭാഗത്തിനും സ്വീകാര്യമായില്ലെന്നു കമന്റുകളിൽ വ്യക്തം.