പാവക്കുട്ടിയെ നഷ്ടപ്പെട്ട ചൈനാക്കാരൻ ചെയ്തത്..!
Monday, July 8, 2024 9:37 AM IST
ചെറുപ്പത്തിൽ സമ്മാനമായി ലഭിക്കുന്ന പാവകളിൽ ചിലതിനെ കുട്ടികൾ ഹൃദയത്തോടു ചേർത്തു വയ്ക്കും. യാത്ര ചെയ്യുന്പോഴും മറ്റും ഇതിനെ കൂടെ കൂട്ടുകയും ചെയ്യും. വളർന്നു വലുതായാലും കുട്ടിക്കാലത്തെ മധുരമുള്ള ഓർമകൾ പകരുന്ന പാവകളെ ഉപേക്ഷിക്കില്ല.
ഭദ്രമായി പെട്ടിക്കുള്ളിൽ സൂക്ഷിക്കും. ഇടയ്ക്കിടെ എടുത്തു നോക്കി ഓർമകൾ അയവിറക്കും. അവ നഷ്ടപ്പെട്ടുപ്പോയാലുള്ള വിഷമം ചില്ലറയാവില്ല.
കഴിഞ്ഞദിവസം സ്പെയിനിലെ ബാഴ്സലോണ നഗരം സന്ദർശനത്തിനെത്തിയ ഇരുപതുകാരനായ ചൈനക്കാരന്റെ പാവക്കുട്ടി മെട്രോ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന പാവക്കുട്ടി നഷ്ടപ്പെട്ട ആ ചെറുപ്പക്കാരന് അടങ്ങിയിരിക്കാൻ ആവുമായിരുന്നില്ല.
പാവയെ കണ്ടെത്താൻ യുവാവ് സോഷ്യൽ മീഡിയയുടെ സഹായം തേടി. പാവക്കുട്ടിയുടെ ചിത്രം സഹിതം നൽകിയ അറിയിപ്പിൽ കണ്ടെത്തിത്തരുന്നവർക്ക് 500 യൂറോ (ഏകദേശം 45,000 രൂപ) വാഗ്ദാനവും ചെയ്തു.
അവിടെകൊണ്ടും നിർത്തിയില്ല. പാവക്കുട്ടിയെ കിട്ടാതെ മടങ്ങില്ലെന്നുറപ്പിച്ച ചൈനാക്കാരൻ ബാഴ്സലോണയിൽ താമസമാരംഭിച്ചു. ഒടുവിൽ മെട്രോ ട്രെയിനിലെ ക്ലീനിംഗ് ജീവനക്കാരൻ പാവക്കുട്ടിയെ കണ്ടെത്തി യുവാവിനെ ഏൽപിച്ചു. വാഗ്ദാനം ചെയ്ത പണം യുവാവ് ജീവനക്കാരന് കൈമാറുകയുംചെയ്തു.
പാവക്കുട്ടിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ചൈനാക്കാരൻ ഇങ്ങനെ കുറിച്ചു: "എന്റെ ജോലിയെക്കാളും ബിരുദത്തെക്കാളും സ്വത്തുക്കളെക്കാളും എനിക്കു പ്രിയപ്പെട്ടതാണ് ഈ പാവക്കുട്ടി'.