ജിമ്മിലും പോയില്ല ഡയറ്റും ചെയ്തില്ല; എന്നിട്ടും 23 കിലോ കുറച്ച് ഞെട്ടിച്ച ബിസിനസുകാരന്
Wednesday, June 26, 2024 10:41 AM IST
ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലര്‍ക്കും അത് കൃത്യമായി പരിപാലിക്കണമെന്ന ആഗ്രഹം കാണൂം. എന്നാല്‍ ജീവിതത്തിന്റേതായ തിരക്കും ഇഷ്ടപ്പെട്ട ആഹാരം ഒഴിവാക്കാനുള്ള മടിയുംകൊണ്ടും ഇതത്ര കൃത്യമായി ചെയ്യാന്‍ സാധിക്കാറില്ല.
ചിലര്‍ ജിമ്മിലൊക്കെ പോയി ഒരു പരിശ്രമം നടത്തും. അതില്‍ ചിലര്‍ വിജയിക്കും മറ്റുള്ളവര്‍ മടുക്കും. എന്നാല്‍ ജിമ്മൊ ഡയറ്റൊ ഒന്നുമില്ലാതെ തന്റെ ഭാരം കുറച്ച് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള ബിസിനസുകാരന്.
നീരജ് എന്ന ബിസിനസുകാരനാണ് ഇത്തരത്തില്‍ ആളുകളെ ഞെട്ടിച്ചത്. ജിമ്മോ ഫാന്‍സി ഡയറ്റോ ഇല്ലാതെ 10 മാസം കൊണ്ട് 23 കിലോയാണ് ഇദ്ദേഹം കുറച്ചത്. 10 മാസങ്ങള്‍ക്ക് മുമ്പ് 91.9 കിലോ ആയിരുന്നു നീരജിന്. ഇപ്പോള്‍ അത് 68.7 കിലോയായി മാറി. ഇതിനായി അദ്ദേഹം തന്റെ ജീവിതശൈലിയ്ക്ക് മാറ്റം വരുത്തി.
സതേജ് ഗോഹേല്‍ എന്ന ഫിറ്റ്നസ് കണ്‍സള്‍ട്ടന്റാണ് നീരജിന്റെ ഈ പരിശ്രമത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നേരായ ചിട്ടയില്‍ ഉറച്ചുനിന്നാണ് ബിസിനസുകാരന് തന്റെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യം നേടിയതെന്ന് നിരവധി പോസ്റ്റുകളില്‍ ഗോഹല്‍ വെളിപ്പെടുത്തി.
നീരജിന്റെ ചിത്രങ്ങളും സതേജ് പങ്കുവച്ചു. തന്റെ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിലൂടെയും വീട്ടിലെ വര്‍ക്ക് ഔട്ടിലൂടെയുമാണ് നീരജ് ഇത്തരത്തില്‍ ഭാരം കുറച്ചത്. പരിചയക്കുറവും തിരക്കേറിയ ഷെഡ്യൂളും കാരണം ജിമ്മില്‍ പോകാന്‍ നീരജ് ആദ്യം മടിച്ചതായി ഗോഹെല്‍ പറഞ്ഞു. പിന്നാലെ ഒരു ജോടി ഡംബെല്സ് ഉപയോഗിച്ച് ഹോം അധിഷ്ഠിത വര്‍ക്ക്ഔട്ട് പ്ലാന്‍ വികസിപ്പിച്ചെടുത്തു.
മാത്രമല്ല ഭക്ഷണക്രമത്തിലും മാറ്റം വരുത്തി. ഭക്ഷണത്തില്‍ വെജിറ്റേറിയന്‍ പ്രോട്ടീന്‍ സ്രോതസ്സുകളായ പനീര്‍, സോയ ചങ്ക്സ്, മോര്, ദാല്‍ എന്നിവ ചേര്‍ത്തു. പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്തു. എന്തായാലും ഈ ശ്രമം വിജയിക്കുക തന്നെ ചെയ്തു. നിരവധിപേര്‍ നീരജിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തി.