ഏതൊരാളുടെയും ഹൃദയത്തിന്‍റെ കോണില്‍ ഓര്‍മകളുടെ ചില്ലിട്ട ഒരു സ്കൂള്‍കാലം ഉണ്ടാകും. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെത്തന്നെ സ്നേഹത്താല്‍ പൊതിഞ്ഞ ആ കാലം ആര്‍ക്കാണങ്ങനെ മറവിക്ക് വിട്ടുകൊടുക്കാന്‍ കഴിയുക.

ഉച്ചയൂണിന് വട്ടംകൂടിയിരുന്ന് കറികള്‍ പങ്കുവച്ച് അനവധി കഥകള്‍ വിളമ്പി വയറും മനസും ഒക്കെ നിറച്ചെഴുന്നേല്‍ക്കുന്ന ആ ഒരു അനുഭൂതി വല്ലാത്തത് തന്നെയാണ്. കാലവും തലമുറയും മാറിയാലും ബാല്യത്തിന്‍റെ നിഷ്കളങ്കത നിമിത്തം സ്കൂളിന് ഇപ്പോഴും അതേ വികാരം അറിയാനാകുന്നുണ്ട്.

സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ നിരവധി സ്കൂള്‍ കാഴ്ചകള്‍ നമുക്ക് മുന്നില്‍ എത്തുന്നു. അവയില്‍ പലതും നമ്മെ ചിരിപ്പിക്കുന്നു. പലതും നഷ്ടമായ ഒരു കാലത്തിന്‍റെ ഗൃഹാതുരത സമ്മാനിക്കുന്നു. ഇത്തരമൊരു മനോഹരമായ കാഴ്ച നമ്മുടെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞദിവസം തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

ദൃശ്യങ്ങളില്‍ കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏഴാംതരം വിദ്യാര്‍ഥികളാണുള്ളത്. ഇവര്‍ ഉച്ചയൂണ് സമയത്ത് നടത്തിയ കലാപ്രകടനമാണ് നമുക്ക് വിരുന്നാകുന്നത്.


വിദ്യാര്‍ഥികളായ ആദ്യദേവ്, ഭഗത്, നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ പേനയും പെന്‍സിലും ബോകസ്മൊക്കെ വാദ്യദോപകരണങ്ങളാക്കി കൊട്ടിക്കയറുന്നതാണ് കാഴ്ച. ഏറെ താളത്തില്‍ അവര്‍ തിമിര്‍ക്കുമ്പോള്‍ അത് കാഴ്ചക്കാര്‍ക്കും ആനന്ദം പകരുന്നു.

ഹിന്ദി അധ്യാപികയായ അനുസ്മിതയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ ഹിറ്റായി. നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. 'എത്ര ഹൃദ്യമായ രംഗം; ഒരിക്കല്‍കൂടി സ്കൂളിലേക്ക് മടങ്ങുവാന്‍ കൊതിപ്പിച്ചു' എന്നാണൊരാള്‍ കുറിച്ചത്.