വളര്‍ച്ചയുടെ ആദ്യഘട്ടം മുതല്‍ തന്നെ പരിചരിച്ചാല്‍ മനുഷ്യരുമായി ഇണങ്ങാത്ത മൃഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. വര്‍ഷമെത്ര കഴിഞ്ഞാലും ഈ മിണ്ടാപ്രാണികള്‍ അവരെ ചേര്‍ത്ത് പിടിച്ച മനുഷ്യരെ മറക്കില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോള്‍ എക്‌സില്‍ വന്നിരിക്കുന്ന വീഡിയോയെന്ന് നെറ്റിസണ്‍സ് പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ന്യുമോണിയ ബാധിച്ച് അവശനിലയായ ചിമ്പന്‍സിയെ പരിചരിച്ച ടാനിയ-ജോര്‍ജ്ജ് ദമ്പതികള്‍ ഇതിനെ വീണ്ടും കാണുന്ന ദൃശ്യങ്ങളാണിത്. മിയാമി സുവോളജിക്കല്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനാണ് ദൃശ്യങ്ങള്‍ ആദ്യം പുറത്ത് വിട്ടത്.

പിന്നീട് "സയന്‍സ് ഗേള്‍' എന്ന എക്‌സ് അക്കൗണ്ടില്‍ വന്ന വീഡിയോ ഇതിനോടകം 30 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു. ഫൗണ്ടേഷന്‍ അധികൃതരുടെ അടുത്ത് നിന്നും ടാനിയയുടെ അടുത്തേക്ക് ചിമ്പന്‍സി ഓടി വരുന്നു. ശരീരത്തേക്ക് ചാടിക്കയറി കെട്ടിപ്പിടിച്ച ശേഷം വീണ്ടും ഓടി ജോര്‍ജിന്‍റെ അടുത്തേക്ക് ചെല്ലുകയാണ് ഈ മിടുക്കന്‍.



ജോര്‍ജിനേയും ഇതുപോലെ ദേഹത്ത് ചാടിക്കയറി കെട്ടിപ്പിടിക്കുന്ന ചിമ്പന്‍സി പിന്നീട് അദ്ദേഹത്തിന്‍റെ നെഞ്ചില്‍ ചുരുണ്ടുകൂടി കിടക്കാന്‍ നോക്കുന്നു. ഈ സമയത്ത് ടാനിയ ചിമ്പന്‍സിയെ ലാളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏവരുടേയും കണ്ണ് നിറയ്ക്കുന്ന ഈ വീഡിയോയ്ക്ക് നൂറുകണക്കിന് കമന്‍റുകളാണ് വന്നത്.

"ഇതാണ് സ്‌നേഹം', "വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്നെ പരിചരിച്ചവരെ ആ മിടുക്കന്‍ മറന്നില്ല', "നല്ല ആരോഗ്യവാനായി ഇരിക്കട്ടെ', "കാലമല്ലല്ലോ സ്‌നേഹത്തിന്‍റെ അളവുകോല്‍', "ആ വളര്‍ത്തച്ഛന്‍റെയും വളര്‍ത്തമ്മയുടേയും സ്‌നേഹം കണ്ടോ' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകള്‍ വീഡിയോയെ തേടിയെത്തി.