ഡോ.തനു ജെയിന് ! ഐഎഎസ് ജോലി ഉപേക്ഷിക്കാന്‍ ധൈര്യം കാട്ടിയ ഡോക്ടര്‍
Monday, September 11, 2023 4:23 PM IST
യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് ഐഎഎസ് നേടുന്നത് സ്വപ്നം കാണാത്ത ഇന്ത്യന്‍ യുവാക്കള്‍ വളരെ കുറവായിരിക്കും. വര്‍ഷങ്ങള്‍ നീളുന്ന അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് പലര്‍ക്കും ഈ സ്വപ്ന ഉദ്യോഗം കരഗതമാകുന്നത്.
ഐഐഎസ് സ്വപ്നത്തിനായി ഉദ്യോഗം ഉപേക്ഷിച്ചിട്ടുള്ള നിരവധി പേരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്.
എന്നാല്‍ ഉജ്ജ്വലമായ ഐഎഎസ് ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊരു പ്രൊഫഷന് തെരഞ്ഞെടുത്ത ഡോ. തനു ജെയിന് ഏവരെയും അമ്പരപ്പിക്കുമെന്ന് തീര്‍ച്ച.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് തനു ജെയിന്. ഡല്‍ഹിയിലെ സദര്‍ പ്രദേശത്ത് ജനിച്ച പ്രശസ്തമായ കേംബ്രിജ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
മെഡിസിന് പഠിക്കുമ്പോഴാണ് തനുവില്‍ യുപിഎസ്സി മോഹം ഉദിക്കുന്നത്. ശുഭശ്രീ മെഡിക്കല്‍ കോളജില്‍ ആയിരുന്നു പഠനം. ബിഡിഎസിന് പഠിക്കുമ്പോള്‍ തന്നെ യുപിഎസ്സി പരീക്ഷയ്ക്കു വേണ്ടുന്ന മുന്നൊരുക്കങ്ങളും തനു നടത്തി..
ഒടുവില്‍ ഐഎഎസ് ഉദ്യോഗസ്ഥ ആയിത്തീര്‍ന്നപ്പോള്‍ മോട്ടിവേഷണല്‍ സ്പീക്കര്‍' എന്ന നിലയിലും തനു ജനങ്ങള്‍ക്കിടയില്‍ സജീവമായി നിന്നു.
ഇതിനോടകം നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള തനു സോഷ്യല്‍ മീഡിയയിലും താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് തനുവിനുണ്ട്.
അധ്യാപകവൃത്തിയില്‍ ഏറെ തല്പരയായിരുന്ന തനു ഏതാനും മാസം മുമ്പ് ഡല്‍ഹിയില്‍ 'തഥാസ്തു' എന്ന പേരില്‍ ഒരു ഐഎഎസ് കോച്ചിംഗ് സെന്ററും ആരംഭിച്ചിരുന്നു.
എന്നാല്‍ അടുത്തിടെ ഐഎഎസ് ജോലി ഉപേക്ഷിച്ച് ഏവരെയും ഞെട്ടിച്ചതോടെയാണ് തനു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അധ്യാപന ജോലിയോടുള്ള അഭിലാഷമാണ് തനുവിനെ ഈയൊരു ധീരകൃത്യത്തിന് പ്രേരിപ്പിച്ചത്.
ഇതേക്കുറിച്ച് തനു പറയുന്നത് ഇങ്ങനെ. ''എന്റെ ജോലി വളരെ നന്നായിയാണ് പോയിരുന്നത്. ഏഴര വര്‍ഷം ഞാന്‍ ഐഎഎസുകാരിയായി ജോലി ചെയ്തു. എന്നാല്‍ ഐഎഎസ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പില്‍ എനിക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. അതിനാല്‍ തന്നെ ഐഎഎസ് കാംക്ഷികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഞാന്‍ ബോധവതിയായിരുന്നു. നമ്മുടെ ജീവിതം മെച്ചപ്പെടുത്താനും ചിലതൊക്കെ ചെയ്യാനും വല്ലപ്പോഴുമാണ് അവസരങ്ങള്‍ ലഭിക്കുക. എന്റെ ഭര്‍ത്താവ് സിവില്‍ സര്‍വീസില്‍ ആയപ്പോള്‍ മുതലാണ് എനിക്ക് ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ഞാന്‍ ജീവിതത്തില്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങിയതും'' തനു ജെയിന് പറയുന്നു.
വെറും രണ്ടുമാസത്തെ തയ്യാറെടുപ്പിന്റെ ബലത്തില്‍, ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്സി പ്രിലിംസ് വിജയിക്കാന്‍ തനുവിനായി. എന്നാല്‍ മെയിന്‍ എക്സാമില്‍ ഭാഗ്യമൊപ്പമുണ്ടായിരുന്നില്ല. ഒടുവിൽ 2014ലെ എക്സാമില്‍ 648-ാം റാങ്കോടെ തനു ആ സ്വപ്നനേട്ടത്തിലെത്തുകയായിരുന്നു.