"എന്‍റെ ആടിനും ടിക്കറ്റെടുത്തിട്ടുണ്ട് സാര്‍'; ബംഗാളി വനിതയുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്
വെബ് ഡെസ്ക്
Thursday, September 7, 2023 1:52 PM IST
സത്യസന്ധതയും നിഷ്‌കളങ്കത്വവും ഒന്നിച്ചാല്‍ അതിനോളം ശോഭയേറിയ ഒരു മനുഷ്യ മനസ് വേറെയുണ്ടാകില്ല. വജ്രത്തെക്കാള്‍ മൂല്യമുള്ള ഹൃദയം പ്രപഞ്ചത്തില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമേ ഉണ്ടാകൂ. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ തന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങള്‍.
ബംഗാളില്‍ സര്‍വീസ് നടത്തുന്ന ഒരു ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു ഗ്രാമീണ സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ അടുത്തേക്ക് ടിടിഇ വന്ന് ടിക്കറ്റ് പരിശോധിക്കുന്നു. അപ്പോഴാണ് ഇവര്‍ തന്റെ ആടിനേയും ഒപ്പം കൂട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന് മനസിലായത്.
ആടിന് ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ "ഉണ്ട് സര്‍' (ബംഗാളി ഭാഷയില്‍) എന്ന് വിനയത്തോടെ പറയുകയും ടിക്കറ്റ് കാണിക്കുകയുമാണ് ഈ സാധാരണക്കാരി. നിഷ്‌കളങ്കമായ ഒരു ചിരിയോടെയാണ് ഈ വനിത ഉദ്യോഗസ്ഥന് മുന്നില്‍ നില്‍ക്കുന്നത്.
"സ്വന്തം ആടിനും കൂടി ടിക്കറ്റെടുത്ത കാര്യം അഭിമാനത്തോടെ ടിടിഇയോട് പറയുന്നു"വെന്ന കുറിപ്പോടെയാണ് അവനീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "എത്ര സത്യസന്ധയാണവര്‍', "രാജ്യത്തിന് ഇതു പോലുള്ള ആളുകളാണ് വേണ്ടത്', "അഭിമാനം തോന്നുന്നു', "അവരുടെ പുഞ്ചിരിയില്‍ എല്ലാമുണ്ട്', "കണ്ണു നിറയ്ക്കുന്ന ദൃശ്യങ്ങള്‍' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി.
കഴിഞ്ഞ ദിവസം വന്ന വീഡിയോ ഇതിനോടകം 4.07 ലക്ഷം ആളുകളാണ് കണ്ടത്. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മൃഗങ്ങളേയും ട്രെയിനില്‍ കൂടെക്കൂട്ടുന്നത് സാധാരണമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെങ്കതിലും ഒപ്പമുള്ള മൃഗത്തിന് കൂടി ടിക്കറ്റെടുക്കുന്നവര്‍ വളരെ അപൂര്‍വമാണ്.