ഒരു നെല്ലിട തെറ്റിയിരുന്നുവെങ്കില്‍ മരണം സംഭവിച്ചേനെ എന്ന് പറയേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ മിക്കവരും. മരണം കൈയ്യെത്തും ദൂരത്ത് തന്നെയുണ്ടെന്നും ഏവര്‍ക്കും അറിയാം. എന്നാല്‍ മരണം പിടിച്ചുവലിക്കാന്‍ നോക്കുമ്പോള്‍ സമചിത്തത എന്ന ആയുധം കൊണ്ട് വിധിയോടു മല്ലടിച്ച് സുഹൃത്തിന്‍റെ ജീവന്‍ രക്ഷിച്ചയാള്‍ക്ക് എക്‌സില്‍ വന്‍ അഭിനന്ദനം ലഭിക്കുകയാണ്.

വെള്ളിയാഴ്ച വന്ന വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് രാത്രി കടയുടെ ഷട്ടര്‍ അടയ്ക്കുകയാണ്. ഒരാള്‍ കടയടയ്ക്കുമ്പോള്‍ മറ്റൊരാള്‍ സമീപത്ത് മാറി നില്‍ക്കുന്നു. ഇരുമ്പ് ഷട്ടര്‍ താഴ്ത്തുകയായിരുന്നയാള്‍ക്ക് പെട്ടെന്ന് ഷട്ടറില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയും ഇയാള്‍ കുതറാന്‍ ശ്രമിക്കുകയുമാണ്.

പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിഭ്രാന്തനാകുന്നു. ഷോക്കേറ്റ് പിടയുന്ന കൂട്ടുകാരനെ രക്ഷിക്കാന്‍ എന്തെങ്കിലും കിട്ടുമോയെന്ന് ചുറ്റും പരതുന്ന ഇയാള്‍ തന്‍റെ തോളില്‍ കിടന്നിരുന്ന ഷാള്‍ എടുത്ത് കൂട്ടുകാരന്‍റെ കഴുത്തിലിട്ട് പിന്നോട്ട് വലിക്കുന്നു. ഞൊടിയിടയിലാണ് ഇതെല്ലാം നടക്കുന്നത്.




പിന്നിലേക്ക് മറിഞ്ഞ് വീഴുന്ന സുഹൃത്തിന് ഇയാള്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ളയാള്‍ ഓടിക്കൂടുന്നതും കാണാം. വെറും 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണിത്. സമയോചിതമായ ഇടപെടല്‍ കൊണ്ട് ജീവന്‍ രക്ഷിച്ചതിന് ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണെത്തിയത്.

"ഈ സുഹൃത്ത് ഭാഗ്യവാനാണ്', "ദൈവം കൈതൊട്ട നിമിഷങ്ങള്‍' എന്നു തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു. ഷോക്ക് ഏല്‍ക്കുന്നത് പോലുള്ള സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണമെന്ന് പ്രത്യേകം അറിഞ്ഞിരിക്കണെന്നും നെറ്റിസണ്‍സ് ഓര്‍മിപ്പിച്ചു.