വിവിപാറ്റ് വോട്ടിംഗ് തിരിമറി എളുപ്പമാക്കി, ഗുരുതര ആരോപണവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ആദ്യമായി അവതരിപ്പിച്ച വിവിപാറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിവിപാറ്റ് ഉള്‍പ്പെടുത്തിയത് വോട്ടിംഗ് തിരിമറി എളുപ്പമാക്കിയെന്നും കണ്ണന്‍ ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ ആരോപണം. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമായി ഇപ്പോള്‍ നേരിട്ട് കണക്ട് ചെയിതിട്ടില്ലെന്നും അതിനാല്‍ തന്നെ ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്ന വോട്ടല്ല രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.
കണ്‍ട്രോള്‍ യൂണിറ്റ് നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്നത് വിവിപാറ്റുമായാണ്. അതുകൊണ്ടു വിവിപാറ്റ് മെഷീനില്‍ നിന്നു ലഭിക്കുന്നത് അനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതുമൂലം വോട്ടിംഗ് തിരിമറി എളുപ്പമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇവിടെ വിവിപാറ്റ് രണ്ടു കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ഒന്നാമതായി വോട്ടര്‍മാര്‍ എന്തു കാണുന്നുവെന്നതും രണ്ടാമതായി യഥാര്‍ഥത്തില്‍ ഏതു വോട്ടു രേഖപ്പെടുത്തണമെന്നതും.
ഇന്ത്യയില്‍ ഉപയോഗിച്ചു പോന്നിരുന്ന ഇവിഎമ്മുകളില്‍ വിവിപാറ്റ് സ്ലോട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഈ ന്യൂനത മറികടക്കുന്നതിനായി വിവിപാറ്റ് പ്രത്യേകമായി ഡിസൈന്‍ ചെയ്യുകയായിരുന്നു. ഇത് വലിയ പോരായ്മയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ചൂണ്ടിക്കാട്ടുന്നു.
വിവിപാറ്റ് മെഷീനില്‍ തിരിമറി നടത്താനാകുമോയെന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. സാധിക്കുമെന്നാണ് ഉത്തരമെങ്കില്‍ അത് മനസിലാക്കാന്‍ മറ്റെന്തെങ്കിലും സംവിധാനമുണ്ടോ എന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിക്കുന്നു.
കാഷ്മീരിനു പ്രത്യേക പരിഗണന നല്‍കിവന്നിരുന്ന വകുപ്പുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് കണ്ണന്‍ ഐഎഎസ് രാജിവെച്ചത്. കാഷ്മീരിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത് സഹിക്കാനാവില്ലെന്നു കണ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഇതു നിഷേധിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കണ്ണന്‍ പറഞ്ഞിരുന്നു.