പ്രണയത്തിന്‌റെ നൂലാമാലകളിലൂടെ ചിരിപ്പിച്ച് ലഡു! മൂവി റിവ്യൂ, വിഡിയോ
തള്ളലിലൂടെ കോളജിലെ ഹീറോയാകുന്ന (ആണെന്നു നടിക്കുന്ന) യുവാവിലൂടെയാണ് ലഡു എന്ന ചിത്രം തുടങ്ങുന്നത്. മികച്ചൊരു തുടക്കം തന്നെ ഒരുക്കി ഏറെ പ്രതീക്ഷകള്‍ സമ്മാനിച്ചു.

കോളജിലെ ചോക്ലേറ്റ് നായകന്‌റെ തള്ളില്‍ നിന്ന് ചിത്രം ആരംഭിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറുന്നു. എന്നാല്‍ പിന്നീട് കോളജ് പശ്ചാത്തലം വിട്ട് കഥയിലേക്ക് ഇറങ്ങുന്നതോടെ ചിത്രത്തിന്‌റെ ഒഴുക്കും കോമഡിയുടെ സാന്നിധ്യവും അല്‍പം കൈമോശം വരുന്നു.



വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, സാജു നവോദയ, മനോജ് ഗിന്നസ്, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രശസ്തയായ ജനപ്രിയനടി നിഷ സാരംഗ് എന്നിവരാണ് പ്രധാന താരങ്ങള്‍. പുതുമുഖ നടി സൂര്യ ഗായത്രി അശോക് ആണ് നായിക.

രണ്ടാം പകുതിയില്‍ കളത്തിലെത്തുന്ന ദിലീഷ് പോത്തനും നേരത്തിലെ കോമിക് വില്ലനിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ ബോബി സിംഹയും ചിത്രത്തില്‍ തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നുണ്ട്. ഗൗരവക്കാരനായ ഒരു സിഐ ആയി ഒരു സൂപ്പര്‍താര പരിവേഷത്തോടെ എത്തുമ്പോഴും അല്‍പം ചിരിക്കാനുളള വകയും ബോബി ഒരുക്കുന്നുണ്ട്. ചിരിപ്പിച്ചു തന്നെയാണ് ദിലീഷ് പോത്തനും സാജു നവോദയയും അരങ്ങൊഴിയുന്നത്.

അതേ സമയം പ്രധാന വേഷങ്ങളിലെത്തുന്ന വിനയ് ഫോര്‍ട്ട്, ശബരീഷ്, ബാലു വര്‍ഗീസ് എന്നിവരുടെ പ്രകടനം നിലവാരം പുലര്‍ത്തുന്നു. നഷ്ടപ്രണയത്തിന്‌റെ കാവലാളുകളായി ശബരീഷും ബാലുവും തകര്‍ത്തഭിനയിക്കുന്നുണ്ട്.


ഒരു കോമഡി റൊമാന്‌റിക് സ്വഭാവത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍, റൊമാന്‌റിക് സീനുകള്‍ വളരെ കുറവ്. ഒരു ദിവസത്തെ കഥയാണ് ലഡു പറയുന്നത്. കോളജ് സഹപാഠികളായ കുറച്ചു കൂട്ടുകാര്‍ തങ്ങളുടെ സുഹൃത്ത് വിനുവിനായി അവന്‌റെ കാമുകിയെ അവളുടെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോകാന്‍ ഒരു മാരുതി ഒമ്‌നി വാനില്‍ യാത്ര തിരിക്കുന്നതും ഇവര്‍ ചെന്നുപെടുന്ന എടാകൂടങ്ങളുമാണ് ചിത്രം പറയുന്നത്.

സുഹൃത്തിന്‌റെ കാമുകി ആരെന്നറിയാതെ യാത്രതിരിക്കുന്ന ഇവര്‍ അവസാനം മാത്രമാണ് തങ്ങള്‍ പിന്നാലെ നടന്ന പെണ്ണിനെയാണ് തട്ടിക്കൊണ്ടു വരേണ്ടതെന്നറിയുന്നത്. ഇവരുടെ പ്രണയത്തിനു വെറും 23 ദിവസം മാത്രമാണ് പഴക്കം.

ഇത്രയും ചെറിയ ദിവസത്തെ മാത്രം പരിചമുള്ള ഒരു ചെറുപ്പക്കാരനൊപ്പം ഇറങ്ങിപോരാന്‍ ഏതെങ്കിലും ഒരു പെണ്ണ് തുനിയുമോ? ഇനി തുനിഞ്ഞാല്‍ അതിനു പിന്നിലെ കാരണമെന്തായിരിക്കും? ഈ ചോദ്യങ്ങള്‍ക്കുളള ഉത്തരം ലഡു നല്‍കുന്നു.

അരുണ്‍ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എസ് വിനോദ് കുമാറാണ്. സാഗര്‍ സത്യനാണ് തിരക്കഥ. രാജേഷ് മുരുഗേഷന്‍ സംഗീതവും, ഗൗതം ശങ്കര്‍ കാമറയും കൈാര്യം ചെയ്തിരിക്കുന്നു.

തിരക്കഥയിലെ ചെറിയ ചെറിയ പോരായ്മകള്‍ ചിത്രത്തെ ആകെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ക്ലൈമാക്‌സ് രംഗങ്ങളില്‍. എഡിറ്റിങ് ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്നു. എന്നിരുന്നാലും തമാശ ആസ്വദിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരിക്കല്‍ കണ്ടിരിക്കാവുന്ന ചിത്രമാണ് ലഡു.